നിരോധിത സംഘടനയിലെ അംഗത്വവും UAPA പ്രകാരം കുറ്റകരം: സുപ്രീംകോടതി
നിരോധിത സംഘടനയില്‍ അംഗത്വമുണ്ട് എങ്കിൽ യുഎപിഎ ചുമത്താന്‍ കഴിയും എന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച മുൻ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ചിന്റേത് ആണ് സുപ്രധാനമായ ഉത്തരവ്. നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരമല്ലെന്ന 2011 ലെ വിധിക്കെതിരെ കേന്ദ്രം നല്‍കിയ പുനഃപരിശോധന ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.
കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടില്ലെങ്കിലും നിരോധിത സംഘടനയില്‍ അംഗത്വമുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കാമെന്ന യുഎപിഎ നിയമത്തിലെ 10(a)(i) വകുപ്പ് സുപ്രീം കോടതി ശരിവച്ചു. ഈ വകുപ്പ് ഭരണഘടനയുടെ 19 (1)(a), 19 (2) എന്നീ അനുച്ഛേദങ്ങളുടെ ലംഘനമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അമേരിക്കന്‍ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ അന്ധമായി പിന്തുടര്‍ന്ന് സുപ്രീം കോടതി ഉത്തരവുകള്‍ ഇറക്കരുതെന്ന് എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇന്ത്യയിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നും, അതിനാല്‍ അമേരിക്കന്‍ ഭരണഘടനയും, വിധികളും അടിസ്ഥാനമാക്കി മൗലിക അവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉത്തരവിറക്കരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച കോടതി സുപ്രീം കോടതിയുടെ തന്നെ മുൻ ഉത്തരവ് റദ്ദാക്കുകയിരുന്നു.