മുഖ്യമന്ത്രി സ്ഥാനത്തിനായി ഉദ്ധവ് താക്കറെ എന്‍സിപി തലവന്‍ ശരദ് പവാറിന്റെ കാലില്‍ വീണു; ആരോപണവുമായി അമിത് ഷാ
മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് ഉദ്ധവ് താക്കറെ എന്‍സിപി തലവന്‍ ശരദ് പവാറിന്റെ കാലില്‍ വീണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ പറഞ്ഞു.
മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യത്തിന് അധികാരത്തില്‍ വന്നതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തിനായി ഉദ്ധവ് താക്കറെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ കാലില്‍ വീണു. 2019ല്‍ ബിജെപിക്കൊപ്പം ഉദ്ധവ് താക്കറെ പ്രചാരണം നടത്തിയിരുന്നെങ്കിലും ഫലം വന്നതിന് ശേഷം എല്ലാ കരാറുകളും അദ്ദേഹം മറന്നുവെന്നും അമിത് ഷാ പറഞ്ഞു.
കോലാപൂരില്‍ ‘വിജയ് സങ്കല്‍പ്’ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. 2019ല്‍ ഉദ്ധവ് താക്കറെ ഞങ്ങളോടൊപ്പം പ്രചാരണം നടത്തി. ഫലം വന്നപ്പോള്‍ എല്ലാം മറന്ന് ശരദ് പവാറിന്റെ കാല്‍ക്കല്‍ വീണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇന്ന് ശിവസേന യാഥാര്‍ത്ഥ്യമായി. ബിജെപിക്ക് അധികാരത്തോട് അത്യാഗ്രഹമില്ല. ആശയങ്ങള്‍ ഒരിക്കലും കൈവിടില്ല. മഹാരാഷ്ട്രയുടെ താല്‍പ്പര്യമാണ് ബിജെപിയുടെ പരമപ്രധാനമെന്നും അമിത് ഷാ പറഞ്ഞു.
വക്രബുദ്ധി ഉപയോഗിച്ച് രാഷ്ട്രീയവും അധികാരവും കുറച്ച് നേരത്തേക്ക് പിടിച്ചെടുക്കാമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. എന്നാല്‍ പോരാട്ടത്തില്‍ ധൈര്യവും ധീരതയും ഫലങ്ങളും മാത്രമേ പ്രയോജനപ്പെടൂ. എന്നാല്‍, ഉദ്ധവിന്റെ ശിവസേനക്ക് അതില്ലെന്നും അമിത് ഷാ പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മുന്‍ മുഖ്യമന്ത്രിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ‘വില്ലും അമ്ബും’ ചിഹ്നവും അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെ അമിത് ഷാ അഭിനന്ദിച്ചിരുന്നു