യുഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍; കെ സുധാകരന്‍ പങ്കെടുക്കില്ല


കൊച്ചി: യുഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പങ്കെടുക്കില്ല.
ഇക്കാര്യം അദ്ദേഹം പ്രതിപക്ഷ നേതാവിനെ അറിയിച്ചു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെ രക്ഷിക്കാന്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണം ഗൗരവതരമെന്ന കെ സുധാകരന്‍റെ പ്രസ്താവന ലീഗിനെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ സുധാകരന്‍റെ വിശദീകരണത്തോടെ അത് അവാസാനിച്ചെന്ന് പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു. ഏതായാലും വിവാദം യുഡിഎഫില്‍ ചര്‍ച്ചയാകുമെന്ന് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നില്ല. മകന്‍റെ വിവാഹം ക്ഷണിക്കുന്നതിന് ദില്ലിയില്‍ ആയതിനാലാണ് പങ്കെടുക്കാത്തതെന്ന് അദ്ദേഹം വിശദീകരിച്ചു
സംസ്ഥാന സര്‍ക്കാരിനെതിരായ തുടര്‍ സമരപരിപാടികള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. ഇ പി ജയരാജന്‍ ഉള്‍പ്പെട്ട റിസോര്‍ട്ട് വിവാദത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിലും യോഗം ഇന്ന് തീരുമാനമെടുക്കും. യുഡിഎഫിലെ ഭിന്നത പരിഹരിക്കാനുള്ള ശ്രമങ്ങളും യോഗത്തിലുണ്ടാകും. മുന്നണിയില്‍ കോണ്‍ഗ്രസിനും ലീഗിനും പല വിഷയങ്ങളിലും പല നിലപാടാണെന്ന ആരോപണം മുന്നണിയിലുണ്ട്. അരിയില്‍ ഷുക്കൂര്‍ കേസുമായി ബന്ധപ്പെട്ടും, എ കെ ആന്‍റണിയുടെ മൃദു ഹിദുത്വ പ്രസ്താവനയിലും ഭിന്നസ്വരങ്ങളാണ് നേതാക്കളില്‍ നിന്നുണ്ടായത്. ഇത് മുന്നണി സംവിധാനത്തെ ബാധിക്കുന്നുവെന്ന പരാതി യോഗത്തില്‍ ചര്‍ച്ചയാകും.