28 വർഷമായി സിപിഎമ്മിന്റെ കൈയിലുള്ള ചേലക്കര യുഡിഎഫ് പിടിച്ചെടുക്കും: കെ സുധാകരൻ

single-img
16 November 2024

പാലക്കാടും ചേലക്കരയിലും യുഡിഎഫിന് വിജയം ഉറപ്പെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. 28 വർഷമായി സിപിഎമ്മിന്റെ കൈയിലുള്ള ചേലക്കര യുഡിഎഫ് പിടിച്ചെടുക്കുമെന്നും ചേലക്കരയിൽ 3 തവണ എത്തിയ മുഖ്യമന്ത്രി തലതാഴ്ത്തുമെന്നും കെ സുധാകരൻ പറഞ്ഞു. പോളിംഗ് ശതമാനം കൂടിയത് യുഡിഎഫ് വിജയത്തിന്റെ സൂചനയാണ്. 6000 വോട്ടുകൾ യുഡിഎഫ് ചേർത്തിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

വയനാട് ദുരന്തത്തിൽ കേരളത്തിന്‌ സഹായം നൽകാമെന്ന് പ്രധാനമന്ത്രി വയനാട്ടിൽ വന്ന് പറഞ്ഞതാണ്. കാൽ പൈസ കൊടുത്തോയെന്നും സുധാകരൻ ചോദിച്ചു. വയനാട് ദുരന്തത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കേരളത്തെ വഞ്ചിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.

പിണറായി ജയിലിൽ കിടക്കേണ്ടവനാണെന്ന് രൂക്ഷഭാഷയിൽ വിമർശിച്ച സുധാകരൻ ബിജെപിയുടെ ഔദാര്യത്തിലാണ് പിണറായി പുറത്തിറങ്ങി നടക്കുന്നതെന്നും കൂട്ടിച്ചേർത്തു. സുരേന്ദ്രനും ജയിലിൽ കിടക്കേണ്ടയാളാണ്. പരസ്പരം ഡീലുണ്ടാക്കി ഇരുവരും തടിതപ്പുന്നുവെന്നും സിപിഎം- ബിജെപി സഖ്യം ആരോപിച്ച് സുധാകരൻ ചൂണ്ടിക്കാട്ടി. ഇപി ജയരാജൻ പാവമാണെന്നും ജന്മം അങ്ങനെയായിപ്പോയി എന്നും തനിക്ക് ഇപിയോട് അനുകമ്പയാണെന്നും സുധാകരൻ പരിഹസിച്ചു.