റഷ്യക്കാര്‍ വിട്ടയച്ച പട്ടാളക്കാരന്റെ ഇപ്പോഴത്തെ ചിത്രവും പഴയ ചിത്രവും പുറത്തു വിട്ടു യുക്രൈൻ
കീവ്: റഷ്യക്കാര്‍ പിടിച്ചെടുത്ത് പിന്നീട് വിട്ടയച്ച പട്ടാളക്കാരന്റെ ഇപ്പോഴത്തെ ചിത്രവും പഴയ ചിത്രവും തമ്മിലുള്ള വ്യത്യാസം കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ.
മാരിയുപോള്‍ ഉപരോധസമയത്ത് പിടിക്കപ്പെട്ട ഉക്രൈന്‍ സൈനികന്റെ പഴയതും പുതിയതുമായ ചിത്രങ്ങള്‍ ഉക്രൈന്‍ തന്നെയാണ് പുറത്തുവിട്ടത്. ബുധനാഴ്ച മോചിപ്പിച്ച 205 ഉക്രേനിയന്‍ യുദ്ധത്തടവുകാരില്‍ ഒരാളാണ് മൈഖൈലോ ഡയാനോവ്.
റഷ്യന്‍ അടിമത്തത്തില്‍ നിന്ന് രക്ഷപ്പെട്ട മൈഖൈലോയുടെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ കണ്ടാല്‍ ആര്‍ക്കും സഹിക്കാനാകില്ല. മുഖത്തും കൈകളിലും മുറിവുകളുള്ള മൈഖൈലോയുടെ ചിത്രം ഉക്രേനിയന്‍ പ്രതിരോധ മന്ത്രാലയം ആണ് പുറത്തുവിട്ടത്. മെലിഞ്ഞ് ദുര്‍ബ്ബലമായ സൈനികന്റെ ആദ്യരൂപം ഇങ്ങനെയായിരുന്നില്ല. ഇങ്ങനെയാണ് റഷ്യ ജനീവ കണ്‍വെന്‍ഷനുകള്‍ പാലിക്കുന്നതെന്നും, നാസിസത്തിന്റെ നാണംകെട്ട പാരമ്ബര്യം റഷ്യ തുടരുന്നത് ഇങ്ങനെയാണെന്നും മൈഖൈലോയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് ഉക്രേനിയന്‍ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു.
മരിയുപോളിലെ അസോവ്സ്റ്റല്‍ സ്റ്റീല്‍ വര്‍ക്കുകള്‍ സംരക്ഷിക്കുന്നതിനായി പോരാടുന്നതിനിടെയാണ് മൈഖൈലോ ഡയാനോവ് തടവിലാക്കപ്പെട്ടത്. നാല് മാസത്തെ തടവിന് ശേഷമാണ് മൈഖൈലോ മോചിതനായത്. മൈഖൈലോ ഡയാനോവിനെ കീവിലെ മിലിട്ടറി ഹോസ്പിറ്റലിലേക്ക് മാറ്റിയതായും അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ അവസ്ഥയില്‍ സൈനികന് സര്‍ജറി ചെയ്യാന്‍ സാധിക്കില്ല. കുറച്ച് ഭാരം വര്‍ധിപ്പിച്ച ശേഷം മാത്രമേ സര്‍ജറി സാധ്യമാവുകയുള്ളൂ.