ഞാൻ മോദിയേക്കാള്‍ ചെറുപ്പമാണ്; ബിജെപി നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിച്ച് ഉമാഭാരതി
മധ്യപ്രദേശില്‍ ബിജെപി വലിയ പ്രചാരണവുമായി നടത്തുന്ന മെഗാ യാത്രയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ഉമാഭാരതി. ‘പോസ്റ്റര്‍ ഗേള്‍’ ആകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ ചെറുപ്പമാണെന്നും ഇനിയും 15-20 വര്‍ഷം വരെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഉമാഭാരതി പറഞ്ഞു. ‘ഞാന്‍ ഇപ്പോഴും മോദിയേക്കാള്‍ ചെറുപ്പമാണ്. ഇനിയും അടുത്ത 15-20 വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. എനിക്കും ഒരു ക്ഷണം അയയ്ക്കേണ്ടതായിരുന്നു’ അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ഒരുപക്ഷേ ഞാന്‍ അവിടെയുണ്ടെങ്കില്‍ മുഴുവന്‍ ജനശ്രദ്ധയും എന്നിലായിരിക്കുമെന്ന് ബിജെപി നേതാക്കള്‍ക്ക് ആശങ്കയുണ്ടാകും’ ഉമാഭാരതി പറഞ്ഞു.
നേരത്തെ 2020 ല്‍ ജ്യോതിരാദിത്യ സിന്ധ്യ അവരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിച്ചെങ്കില്‍, 2003 ല്‍ ഞാനും വലിയ ഭൂരിപക്ഷത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ അഞ്ച് സ്ഥലങ്ങളില്‍ സെപ്തംബര്‍ ആദ്യവാരം മുതല്‍ ‘ജന്‍ ആശിര്‍വാദ് യാത്രകള്‍’ നടത്താനാണ് തീരുമാനിച്ചിട്ടുളളത്. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റ് മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് യാത്രകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.