മേലുദ്യോഗസ്ഥന്‍റെ സമ്മര്‍ദ്ദം താങ്ങാനാവുന്നില്ല;പൊലീസ് സ്റ്റേഷനില്‍ പൊലീസുദ്യോഗസ്ഥന്‍റെ ആത്മഹത്യാശ്രമം

single-img
27 September 2022

കോഴിക്കോട്: സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന വാട്സ്‌ആപ്പ് സന്ദേശം അയച്ചതിന് പിന്നാലെ വടകര പൊലീസ് സ്റ്റേഷനില്‍ പൊലീസുദ്യോഗസ്ഥന്‍റെ ആത്മഹത്യാശ്രമം.

വടകര സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ് മേലുദ്യോഗസ്ഥന്‍റെ സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് പറഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തില്‍ റൂറല്‍ എസ് പിക്ക് പരാതി നല്‍കാനാണ് പൊലീസ് അസോസിയേഷന്‍ തീരുമാനം.

വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ ശബ്ദസന്ദേശമിട്ടതിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വടകര പൊലീസ് സ്റ്റേഷന് മുകളില്‍ ഉദ്യോഗസ്ഥരുടെ വിശ്രമ മുറിയിലാണ് ഉദ്യോഗസ്ഥന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹം കൊയിലാണ്ടി സ്വദേശിയാണ്. മേലുദ്യോഗസ്ഥന്‍റെ മാനസിക പീഡനം മൂലമുളള സമ്മര്‍ദ്ദം കഠിനമാണെന്നും ജോലി കളയുകയോ ആത്മഹത്യ ചെയ്യുകയോ മാത്രമാണ് വഴിയെന്നും വാട്സ് ആപ് ഗ്രൂപ്പിലെ സന്ദേശത്തില്‍ പറയുന്നു.

ഈ സന്ദേശം കേട്ടതിന് പിന്നാലെ സഹപ്രവര്‍ത്തകര്‍ മുറിയുടെ വാതില്‍ ചവിട്ടിത്തുറന്ന് രക്ഷപ്പെടുത്തി സഹകരണ ആശുപത്രിയിലെത്തിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ ഇദ്ദേഹം ഡ്യൂട്ടിക്കെത്താന്‍ വൈകിയിരുന്നു. ഇതെത്തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ മെമ്മോ നല്‍കി. ഇതിന്മേലുളള പ്രകോപനമാകാം ആത്മഹത്യാശ്രമമെന്നാണ് വിവരം. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വടകര ഡിവൈഎസ്പി ഇദ്ദേഹത്തില്‍ നിന്ന് വിവരങ്ങളെടുത്തു.