കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സ്ഥിരാംഗത്വം നല്‍കുന്നത് സംബന്ധിച്ച്‌ ഏകാഭിപ്രായം

single-img
20 February 2023

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സ്ഥിരാംഗത്വം നല്‍കുന്നത് സംബന്ധിച്ച്‌ ഭരണഘടന സമിതിയില്‍ ഏകാഭിപ്രായം.

നിര്‍ദ്ദേശം സ്റ്റിയറിംഗ് കമ്മിറ്റിയില്‍ വയ്ക്കും. മുന്‍ പ്രധാനമന്ത്രിയെന്ന ആനുകൂല്യത്തില്‍ മന്‍മോഹന്‍ സിംഗിനും സ്ഥിരാംഗത്വം നല്‍കും. അതേസമയം, തെലങ്കാന പി സി സി പ്രവര്‍ത്തക സമിതിയില്‍ പ്രാതിനിധ്യം ആവശ്യപ്പെട്ടു. പത്ത് വര്‍ഷമായി പരിഗണിക്കുന്നില്ലെന്നാണ് തെലങ്കാന പി സി സിയുടെ പരാതി.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നാമനിര്‍ദ്ദേശം ചെയ്താല്‍ വേണ്ടെന്ന് പറയില്ലെന്ന് ശശി തരൂര്‍ പ്രതികരിച്ചിരുന്നു. 25 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോയെന്നതാണ് പ്ലീനറി സമ്മേളനത്തിന്‍റെ ഹൈലൈറ്റ്. കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ന്ന് വരുന്ന നാമനിര്‍ദ്ദേശ രീതി വേണ്ടെന്ന അഭിപ്രായമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ പ്രിയങ്ക ഗാന്ധി മുന്‍പോട്ട് വച്ചത്. തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്നും ഗാന്ധി കുടംബത്തിന്‍റെ പേരില്‍ നോമിനേറ്റ് ചെയ്യപ്പേണ്ടെന്നുമാണ് പ്രിയങ്കയുടെ നിലപാട്. പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കട്ടെയെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.

സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും സ്ഥിരം പ്രവര്‍ത്തക സമിതി അംഗങ്ങളാക്കാന്‍ ആലോചന പുരോഗമിക്കുമ്ബോള്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് മൂന്ന് പേരെന്ന വിമര്‍ശനം ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പിനെ പ്രിയങ്ക ഗാന്ധി സ്വാഗതം ചെയ്യുന്നത്. നേമിനേഷനിലൂടെ ആശ്രിതരെ തിരുകി കയറ്റിയെന്ന ആക്ഷേപത്തെയും മറികടക്കാനുമാകും. അതേസമയം നിയമസഭ ലോക്സഭ തെരഞ്ഞെടുപ്പുകള്‍ അടുത്ത് വരുമ്ബോള്‍ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തി പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകാനുള്ള സാധ്യത ഒഴിവാക്കാനാണ് നോമിനേഷന്‍ മതിയെന്ന നിലപാടിലേക്ക് നേതൃത്വത്തില്‍ ഭൂരിപക്ഷവും എത്തിയിരിക്കുന്നത്.