ഭരണഘടനാ വിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരെ തുടര്‍ അന്വേഷണത്തിന് ഉത്തരവ്
ഭരണഘടനക്ക് എതിരെയുള്ള വിവാദ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിലാണ് ഹൈക്കോടതി വിധി. മന്ത്രിയുടെ വിവാദ മല്ലപ്പള്ളി പ്രസംഗത്തില്‍ മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള പോലീസ് റിപ്പോര്‍ട്ട് തള്ളിയാണ് കോടതി ഉത്തരവ്. പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചു എന്ന ആരോപണം നിൽനിൽക്കുന്നില്ല എന്നായിരുന്നു പൊലീസിന്‍റെ നേരത്തെയുളള കണ്ടെത്തൽ. പ്രസംഗം വിവാദമായതോടെ മന്ത്രി രാജിവച്ചിരുന്നു. പോലീസ് റിപ്പോര്‍ട്ട് അനുകൂലമായതോടെയാണ് വീണ്ടും മന്ത്രിയായത്.
എന്നാൽ ഭരണത്തിലെ സ്വാധീനം ഉപയോഗിച്ച് സജി ചെറിയാൻ കേസ് അട്ടിമറിച്ചെന്നാണ് ഹർജിയിലുളളത്. പൊലീസിന്‍റെ കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതു പ്രവർത്തകനാണ് താനെന്നും സജി ചെറിയാൻ വിശദീകരിച്ചിരുന്നു.
ഭരണഘടനയെ സംരക്ഷിക്കണം എന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങൾക്ക് ശാക്തീകരണം ആവശ്യമാണ്. അതാണ് സൂചിപ്പിച്ചത്. ഭരണഘടനക്കെതിരെ പറഞ്ഞിട്ടില്ല എന്നായിരുന്നു സജി ചെറിയാന്‍റെ പറഞ്ഞത്. . കോടതി വിധി മന്ത്രിക്ക് വന്‍ തിരിച്ചടിയാണ്.