അപ്രതീക്ഷിത സ്ഥാനാര്‍ഥി;കോണ്‍​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍​ഗെയും

single-img
30 September 2022

ന്യൂഡല്‍ഹി: കോണ്‍​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍​ഗെയും.

ഹൈക്കമാന്‍ഡ് പിന്തുണ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഖാര്‍​ഗെയ്ക്കുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഖാര്‍​ഗെ ഇന്ന് ഉച്ചയ്ക്ക് 12ന് പത്രിക സമര്‍പ്പിക്കും. ശശി തരൂരിനും ദ്വിഗ് വിജയ് സിങിനും പുറമേ മൂന്നാം സ്ഥാനാര്‍ഥിയായി ഖര്‍ഗെയും അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് അണിചേരും.

മുകുള്‍ വാസ്നിക്കിന്റെ പേരും പരിഗണനയിലുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുകള്‍ വാസ്നിക്കിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സമവായമായില്ല. പിന്നാലെയാണ് ഖാര്‍​ഗെയുടെ പേര് പരി​ഗണനയ്ക്ക് വന്നത്. ഇക്കാര്യത്തെ കുറിച്ച്‌ ​ഖാര്‍ഗെയോട് ഹൈക്കമാന്‍ഡ് സംസാരിച്ചു.

ജി 23 നേതാക്കളില്‍ ഒരാളും പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. അതിനിടയിലാണ് മല്ലികാര്‍ജുന്‍ ​ഖാര്‍ഗെയോടും ഹൈക്കമാന്‍ഡ് സംസാരിച്ചത്.

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കുന്നതിനുള്ള അവസാന തീയതി ഇന്നാണ്. ദ്വിഗ് വിജയ് സിങും ശശി തരൂരും ഇന്ന് എഐസിസി ആസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് മൂന്ന് മണിവരെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടാണ്. മത്സരം നടക്കുമോയെന്ന് എട്ടിന് വ്യക്തമാകും. മത്സരമുണ്ടെങ്കില്‍ 17ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19ന്.