വയനാട്; തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ പുത്തുമലയിൽ സർവമത പ്രാർത്ഥനയോടെ സംസ്ക്കരിക്കും


വയനാട് ജില്ലയിലെ ഉരുൾപൊട്ടലിൽ ഇതുവരെ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ സ്ഥലത്ത് സർവമത പ്രാർത്ഥനയോടെ സംസ്കരിക്കും. പഞ്ചായത്തിന്റെ നേതൃത്വത്തിലായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക.
ഇത്തരത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സ്ഥലം ഹാരിസൺ മലയാളത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴും ഉരുൾപ്പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമുട്ടം, വെള്ളാർമല ഭാഗങ്ങൾക്ക് പുറമേ ചാലിയാറിലും തീരങ്ങളിലും പരിശോധന തുടരുകയാണ്. ഡ്രോൺ സഹായത്തോടെയാണ് പരിശോധന നടക്കുന്നത്. ചാലിയാറിൽ നടത്തിയ തിരച്ചിലിൽ കഴിഞ്ഞ ദിവസവും 3 മൃതദേഹങ്ങളും 13 ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു.
ഇതോടെ ചാലിയാറിൽ നിന്ന് ആകെ ലഭിച്ച മൃതദേഹങ്ങൾ 73 ഉം ശരീര ഭാഗങ്ങൾ 132 ഉ മായി ഉയർന്നു. 37 പുരുഷന്മാരുടെയും 29 സ്ത്രീകളുടെയും 3 ആൺകുട്ടികളുടെയും 4 പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതുവരെ 198 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. 195 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുക്കുകയും ചെയ്തു.