കേന്ദ്ര ബജറ്റ് കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് സംശയം ജനിപ്പിക്കുന്നു: വിഡി സതീശൻ
കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് സംശയം ജനിപ്പിക്കുന്നതാണ് കേന്ദ്രസർക്കാർ ഇന്ന് അവതരിപ്പിച്ച ബജറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരിഹാസം. രാജ്യത്തെ യാഥാർത്ഥ്യങ്ങൾ വിസ്മരിച്ച് കോർപറേറ്റ് താൽപര്യങ്ങൾക്ക് മാത്രം മുൻഗണന നൽകി പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണ് നിർമ്മല സിതാരാമൻ ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റ്.
കേരളത്തെ സംബന്ധിച്ചടുത്തോളവും ബജറ്റ് നിരാശാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും പെട്രോൾ ഡീസൽ വില കുറയ്ക്കാൻ തയാറാകാത്തത് ജനങ്ങളോടുള്ള ബി.ജെ.പി സർക്കാരിന്റെ വെല്ലുവിളിയാണ്. ‘നാരി ശക്തി’ എന്ന് പ്രധാനമന്ത്രി അടിക്കടി പറയുന്നുണ്ടെങ്കിലും പാചകവാതക വില കുറയ്ക്കാൻ തയാറായിട്ടില്ല.
രാജ്യത്ത് തൊഴിലായ്മ കുതിച്ചുയരുമ്പോഴും തൊഴിൽ നൽകുന്നതിന് വേണ്ടിയുള്ള കാര്യമായ പദ്ധതികളൊന്നും ബജറ്റിലില്ല. ക്യാപിറ്റൽ എക്‌സ്‌പെന്റിച്ചർ കൂടുമ്പോൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന സ്ഥിരം പല്ലവിയാണ് ഈ ബജറ്റിലുമുള്ളത്.
കർഷക സമൂഹത്തിനോട് കടുത്ത അവഗണനയാണ് സർക്കാർ കാട്ടുന്നത്. കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള യാതൊരു പ്രഖ്യാപനവും ബജറ്റിലില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സമൂഹിക സുരക്ഷാ പെൻഷൻ എന്നിവയുടെ വിഹിതത്തിലും കാലാനുസൃതമായ വർധനവില്ല.
പാവങ്ങളോട് ഒട്ടും അനുതാപമില്ലാത്ത ബജറ്റ് കോർപ്പറേറ്റുകളോട് അമിത വിധേയത്വമാണ് പ്രകടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് ഇടക്കാല ബജറ്റ് അവതരിപ്പിച്ച് അടുത്ത പൊതുബജറ്റും ഞങ്ങൾ തന്നെ അവതരിപ്പിക്കുമെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.