വയനാട് ദുരന്തത്തെ കേരള സർക്കാരിനെതിരായ രാഷ്ട്രീയനീക്കമാക്കി മാറ്റാൻ കേന്ദ്രസർക്കാർ ദുഷ്ടലാക്കോടെ ഇടപെട്ടു: മന്ത്രി കെ എൻ ബാലഗോപാൽ

single-img
6 August 2024

രാജ്യത്തെത്തന്നെ നടുക്കിയ ഒരു ദുരന്തത്തെ കേരള സർക്കാരിനെതിരായ രാഷ്ട്രീയനീക്കമാക്കി മാറ്റാൻ കേന്ദ്രസർക്കാർ ദുഷ്ടലാക്കോടെ ഇടപെട്ടു എന്ന് ഇംഗ്ലീഷ് മാധ്യമമായ ദ ന്യൂസ് മിനിട്ട് തെളിവുകൾ സഹിതം റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ.

പാറമടയുമായി ബന്ധപ്പെട്ട കേരള സർക്കാരിൻ്റെ ‘തെറ്റായ’ നയങ്ങൾ മണ്ണിടിച്ചിലിന് കാരണമായെന്ന തരത്തിൽ ലേഖനങ്ങൾ എഴുതുന്നതിനായി പരിസ്ഥിതി മന്ത്രാലയം, ശാസ്ത്രജ്ഞരെയും ഗവേഷകരെയും അടിയന്തിരമായി അന്വേഷിച്ചുവെന്നാണ് റിപ്പോർട്ട് പറയുന്നത് എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി .

പോസ്റ്റിന്റെ പൂർണ്ണരൂപം:

രാജ്യത്തെത്തന്നെ നടുക്കിയ ഒരു ദുരന്തത്തെ കേരള സർക്കാരിനെതിരായ രാഷ്ട്രീയനീക്കമാക്കി മാറ്റാൻ കേന്ദ്രസർക്കാർ ദുഷ്ടലാക്കോടെ ഇടപെട്ടു എന്ന് ഇംഗ്ലീഷ് മാധ്യമമായ ദ ന്യൂസ് മിനിട്ട് തെളിവുകൾ സഹിതം റിപ്പോർട്ട് ചെയ്യുന്നു.

പാറമടയുമായി ബന്ധപ്പെട്ട കേരള സർക്കാരിൻ്റെ ‘തെറ്റായ’ നയങ്ങൾ മണ്ണിടിച്ചിലിന് കാരണമായെന്ന തരത്തിൽ ലേഖനങ്ങൾ എഴുതുന്നതിനായി പരിസ്ഥിതി മന്ത്രാലയം, ശാസ്ത്രജ്ഞരെയും ഗവേഷകരെയും അടിയന്തിരമായി അന്വേഷിച്ചുവെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇതിനായി പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ നിന്ന് (PIB) നിന്ന് മൂന്ന് വ്യക്തികളെ ബന്ധപ്പെട്ടിരുന്നുവെന്നും അത്തരം ലേഖനങ്ങൾ എഴുതാൻ തയ്യാറുള്ള ശാസ്ത്രജ്ഞരെയോ ഗവേഷകരെയോ പത്രപ്രവർത്തകരെയോ തേടിയാണ് പിബിഐ ഇവരെ ബന്ധപ്പെട്ടതെന്നും ന്യൂസ് മിനിട്ടിൻ്റെ റിപ്പോർട്ട് പറയുന്നു.

നിരവധി പേർ മരിച്ച ഒരു ദുരന്തവും പലരെയും തിരിച്ചറിയാൻ സാധിക്കാതെ ശരീരഭാഗങ്ങളിൽ ഡി എൻ എ സാമ്പിളിൻ്റെ നമ്പർ എഴുതി അവരെ മണ്ണിലേയ്ക്ക് മടങ്ങാൻ അനുവദിക്കേണ്ടിവരുന്ന ദുഃഖകരമായ സാഹചര്യവും നിൽക്കുമ്പോഴാണ് കേന്ദ്രസർക്കാരിന്റെ ഇത്തരം നടപടികൾ എന്നത് ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

കേരളത്തെ എല്ലാത്തരത്തിലും മോശപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുക എന്ന ബിജെപിയുടെ നയമാണ് ഇതിലൂടെ വെളിവാകുന്നത്. റിപ്പോർട്ട് പുറത്തുകൊണ്ടുവന്ന ന്യൂസ് മിനിട്ട് അഭിനന്ദനമർഹിക്കുന്നു.