കേന്ദ്രസർക്കാർ പാർലമെന്റിനെ നോട്ടീസ് ബോർഡും റബ്ബർ സ്റ്റാമ്പുമായി ചുരുക്കി: ശശി തരൂർ


ബിജെപിയുടെ നയിക്കുന്ന കേന്ദ്രസർക്കാർ രാജ്യത്തെ പാർലമെന്റിനെ നോട്ടീസ് ബോർഡും റബ്ബർ സ്റ്റാമ്പുമായി ചുരുക്കിയെന്ന് കോൺഗ്രസ് എംപി ശശി തരൂർ. തികച്ചും സ്വേച്ഛാധിപത്യ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും തിരുവനന്തപുരം എംപി ആരോപിച്ചു.
രാജസ്ഥാനിൽ ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ‘സുസ്റ്റൈനിംഗ് ഡെമോക്രസി; ന്യൂച്ചറിംഗ് ഡെമോക്രസി’ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യൻ പാർലമെന്റിനെ ഒരു നോട്ടീസ് ബോർഡും റബ്ബർ സ്റ്റാമ്പും ആക്കി നമ്മുടെ ഗവൺമെന്റ് ചുരുക്കി എന്ന് പറയുന്നതിൽ എനിക്ക് ഖേദമുണ്ട്. സർക്കാരിന് എന്ത് ചെയ്യാനാഗ്രഹിക്കുന്നുവോ അത് അറിയിക്കാനുള്ള നോട്ടീസ് ബോർഡാണ് പാർലമെൻ്റ്.
സഭയിൽ ഓരോ ബില്ലും ക്യാബിനറ്റിൽ നിന്ന് വരുന്ന രൂപത്തിൽ പാസാക്കുന്ന ഒരു റബ്ബർ സ്റ്റാമ്പായി പാർലമെൻ്റ് മാറി’-ശശി തരൂർ പറഞ്ഞു. 1962 ലെ ചൈനാ യുദ്ധത്തെ പരാമർശിച്ച്, ഭരണകക്ഷി അംഗങ്ങൾക്ക് പോലും തങ്ങളുടെ പ്രധാനമന്ത്രിയെ വെല്ലുവിളിക്കാൻ കഴിയുന്ന ഒരു പാർലമെന്റ് ജവഹർലാൽ നെഹ്‌റുവിന് കീഴിൽ ഇന്ത്യയിൽ ഉണ്ടായിരുന്നുവെന്ന് തരൂർ പറഞ്ഞു.