അന്നയുടെ മരണത്തിൽ വിചിത്രപരാമർശവുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ
അമിത ജോലിയുടെ സമ്മർദ്ദം കാരണം മലയാളിയായ അന്ന സെബാസ്റ്റ്യൻ എന്ന യുവതി മരിച്ച സംഭവത്തിൽ വിചിത്രപരാമർശവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സമ്മർദ്ദം ഇല്ലാതെയാക്കാൻ ദൈവത്തെ ആശ്രയിക്കണമെന്നും കുടുംബവും സമ്മർദ്ദങ്ങളെ മറികടക്കാൻ കുട്ടികൾക്ക് പറഞ്ഞുകൊടുക്കണമെന്നും ധനമന്ത്രി പറഞ്ഞു .
തമിഴ്‌നാട്ടിലെ ചെന്നൈയിൽ ഒരു സ്വകാര്യ കോളേജിൽ നടന്ന ഒരു പരിപാടിയിലായിരുന്നു നിർമല സീതാരാമൻ ഇങ്ങിനെ അഭിപ്രായപ്പെട്ടത് . രണ്ട് ദിവസം മുൻപ് ഒരു പെൺകുട്ടി മരിച്ചതായി പത്രത്തിൽ കണ്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുടുംബത്തിൽ നിന്ന് ലഭിക്കുന്ന ചില മൂല്യങ്ങൾ കൂടി കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം.
എത്രയൊക്കെ പഠിച്ച് മുന്നേറിയാലും ദൈവവിശ്വാസം വേണം. എല്ലാ സമ്മർദ്ദങ്ങളെയും നേരിടാൻ ഒരു ഉൾശക്തി വേണം. ദൈവത്തിൽ വിശ്വസിച്ചാൽ സമ്മർദ്ദങ്ങളെ നേരിടാനാകുമെന്നും വീട്ടിൽ നിന്നും സമ്മർദ്ദത്തെ നേരിടാൻ കുട്ടികളെ പറഞ്ഞുകൊടുക്കണമെന്നും നിർമല സീതാരാമൻ പറഞ്ഞു.
കഴിഞ്ഞ ജൂലൈ ഇരുപതിനായിരുന്നു എറണാകുളം കളമശേരി കങ്ങരപ്പടി സ്വദേശിനിയായ അന്ന സെബാസ്റ്റ്യന്‍ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ഇ. വൈ എന്ന മൾട്ടി നാഷണൽ കമ്പനിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലി ചെയ്ത് നാല് മാസത്തിനുള്ളിലായിരുന്നു അന്നയുടെ മരണം.
ഉറക്കക്കുറവും സമയം തെറ്റിയുള്ള ഭക്ഷണരീതിയും അന്നയുടെ ഹൃദയാരോഗ്യത്തെ ബാധിച്ചിരുന്നതായി കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അയച്ച കത്തില്‍ അനിത സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടിയിരുന്നു.