മത വിശ്വാസവുമായി ചേർന്ന് നിൽക്കുന്നു; ക്രിസ്തുമസ് അവധിക്ക് പുതിയ പേര് നല്‍കി ലണ്ടനിലെ സര്‍വകലാശാല

single-img
14 December 2022

ക്രിസ്തുമസ് അവധി എന്ന് പറയുന്നതിന് മാറ്റം നിര്‍ദ്ദേശിച്ച് ഇംഗ്ലണ്ടിലെ ബ്രൈറ്റണ്‍ സര്‍വ്വകലാശാല. ക്രിസ്തുമസ് എന്ന പദം സാധാരണയായി ക്രിസ്തീയ വിശ്വാസത്തോട് ചേര്‍ന്ന് നില്‍ക്കുന്നതിനാലാണ് അവധിക്കാലത്തിന് സര്‍വ്വകലാശാല പേരുമാറ്റിയത്.

പുതിയ തീരുമാന പ്രകാരം മഞ്ഞ് കാല അവധി സമയം എന്നാണ് ക്രിസ്തുമസ് അവധിക്ക് സര്‍വ്വകലാശാല നല്‍കിയിരിക്കുന്ന പേര്. സര്‍വ്വകലാശാല തങ്ങളുടെ അധ്യാപകര്‍ക്ക് നല്‍കിയിരിക്കുന്ന ഒന്‍പത് പേജുള്ള നിര്‍ദ്ദേശത്തിലാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്.

ഇതോടൊപ്പം തന്നെ വിദ്യാര്‍ത്ഥികളോട് നിങ്ങളുടെ ക്രിസ്തീയ പേരെന്താണ് എന്ന് ചോദിക്കുന്നതിനും വിലക്കുണ്ട്. ഇതിന് പകരമായി നിങ്ങള്‍ നല്‍കിയിരിക്കുന്ന പേരെന്താണ് എന്ന് മാത്രമാണ് ഇനി മുതല്‍ ചോദിക്കാനാവുക. മാത്രമല്ല, പഴയ ആളുകള്‍, മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, ജൂതന്മാര്‍ എന്നതടക്കം പൊതുവായി പറയാനുപയോഗിക്കുന്ന പല പ്രയോഗങ്ങള്‍ക്കും സര്‍വ്വകലാശാല വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

മതത്തിൽ ഉപരിയായി വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരുപോലെ സുരക്ഷിതരെന്ന് തോന്നുന്ന രീതിയിലുള്ള പ്രയോഗങ്ങള്‍ ഉപയോഗിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്നും സര്‍വ്വകലാശാല നിര്‍ദ്ദേശം വ്യക്തമാക്കുന്നു. തലമുറകള്‍ മാറുന്നതിനനുസരിച്ച് സാസ്‌കാരിക പരമായി ഭാഷയിലുണ്ടാകുന്ന മാറ്റങ്ങള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം ആവശ്യപ്പെടുന്നത്.

സമുദായങ്ങളുടെ പേര് ഉപയോഗത്തിലും ചില മാറ്റങ്ങള്‍ സര്‍വ്വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിം രാജ്യം എന്നതിന് പകരമായി മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യമെന്നാണ് ഉപയോഗിക്കേണ്ടത്. വാക്കുകള്‍ വിലക്കുകയല്ലെന്നും എന്നാല്‍ ഇവയ്ക്ക് പകരമായി നിര്‍ദ്ദേശിച്ചവ ഉപയോഗിക്കുന്നതാണ് കൂടുതല്‍ ശരിയെന്നുമാണ് സര്‍ക്കുലറിനേക്കുറിച്ച് സര്‍വ്വകലാശാല വിശദമാക്കുന്നത്. ക്രിസ്തുമസ് അവധി എന്ന പദത്തിന് മാത്രമാണ് മാറ്റമുള്ളതെന്നും സര്‍വ്വകലാശാലയിലെ ക്രിസ്തുമസ് അലങ്കാരങ്ങള്‍ക്ക് മാറ്റമില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.