ഉണ്ണി മുകുന്ദന് ഹൈക്കോടതിയിൽ തിരിച്ചടി; സ്ത്രീത്വത്തെ അപമാനിച്ച കേസിലെ വിചാരണക്കുള്ള സ്റ്റേ നീക്കി
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് കേരളാ ഹൈക്കോടതിയിൽ തിരിച്ചടി. കേസിലെ തുടർ വിചാരണക്കുള്ള സ്റ്റേ നീക്കി ഹൈക്കോടതി. ഉണ്ണി മുകുന്ദനായി അഡ്വ സൈബി ജോസ് അനുകൂല വിധി വാങ്ങിയ കേസിലാണ് നടപടി.
പരാതിക്കാരിയുടെ പേരില്‍ ഇല്ലാത്ത വ്യാജ സത്യവാങ്മൂലം ഹാജരാക്കിയത് ഗൗരവതരമെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, കേസ് ഒത്തുതീര്‍പ്പാക്കിയെന്നായിരുന്നു പ്രതിഭാഗം കോടതിയെ ധരിപ്പിച്ചത്.
പക്ഷെ ഇത്തരത്തിൽ ഒരു ഒത്തുതീര്‍പ്പ് ഉണ്ടായില്ലെന്ന് ഇരയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
കോടതിക്ക് മുന്നില്‍ കള്ളക്കളി അനുവദിക്കാനാകില്ലെന്നും അഭിഭാഷകന്‍ മറുപടി പറഞ്ഞേ മതിയാവൂയെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഉണ്ണിമുകുന്ദന്റെ അഭിഭാഷകന്‍ സൈബി ജോസ് ഇന്ന് കോടതിയില്‍ ഹാജരായില്ല. തുടർന്ന് മറുപടി സത്യവാങ്മൂലം നല്‍കാന്‍ ഉണ്ണി മുകുന്ദന് കോടതി നിര്‍ദ്ദേശം നല്‍കി. കൊച്ചിയിലെ ഫ്‌ളാറ്റില്‍ തിരക്കഥ സംസാരിക്കാന്‍ എത്തിയ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് ഉണ്ണിമുകുന്ദനെതിരെയുള്ള കേസ്.