രാവിലെ ദേശീയ ഗാനത്തെ തുടർന്ന് പ്രാർത്ഥന;മദ്രസകൾക്ക് വേണ്ടി പുതിയ ടൈം ടേബിൾ പുറത്തിറക്കി യുപി സർക്കാർ
സംസ്ഥാനത്തെ മദ്രസകൾക്കായി സർക്കാർ ടൈം ടേബിൾ പുറത്തിറക്കി യോഗി ആദിത്യനാഥിന്റെ യുപി സർക്കാർ. നിലവിൽ ഉള്ളതിനേക്കാൾ സമയം ഒരു മണിക്കൂർ കൂടി നീട്ടിയിട്ടുള്ളതാണ് പുതിയ ടൈം ടേബിൾ. ഇത് ഒക്ടോബർ ഒന്ന് മുതൽ നിലവിൽ വരും.
പുതിയ തീരുമാനപ്രകാരം ആറ് മണിക്കൂറാകും മദ്രസകളുടെ പ്രവർത്തന സമയം. അതേസമയം, സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ മദ്രസകൾ സ്വാഗതം ചെയ്‌തെങ്കിലും ചിലർ എതിർപ്പുമായെത്തി. സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലെ മദ്രസകൾക്കായി സംസ്ഥാന മദ്രസാ വിദ്യാഭ്യാസ കൗൺസിലാണ് പുതിയ ടൈംടേബിൾ പുറത്തിറക്കിയത്.
രാവിലെ 9 മണിക്ക് ദേശീയ ഗാനത്തെ തുടർന്ന് പ്രാർത്ഥനയോടെ ക്ലാസുകൾ ആരംഭിക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ക്ലാസുകൾ. 30 മിനിറ്റ് ഉച്ചഭക്ഷണ ഇടവേളയ്ക്ക് ശേഷം, ഉച്ചയ്ക്ക് 12:30 ന് ക്ലാസുകൾ പുനരാരംഭിച്ച് 3 മണി വരെ നീണ്ടുനിൽക്കും. ഈ പുതിയ ടൈംടേബിൾ സംസ്ഥാനത്തെ 14,513 അംഗീകൃത മദ്രസകൾക്കും ബാധകമായിരിക്കും.
ഭൂരിപക്ഷം മുസ്ലീം പുരോഹിതന്മാരും മദ്രസ വിദ്യാർത്ഥികളും ഈ നീക്കത്തെ സ്വാഗതം ചെയ്തെങ്കിലും പുതിയ ടൈംടേബിളിൽ ഉച്ചയ്ക്ക് ശേഷം നമസ്‌കാരത്തിന് (ഉച്ചയ്ക്ക് 1-2 മണി) സമയം അനുവദിച്ചിട്ടില്ലാത്തതിനാൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.