ഹരിയാനയിലെ യുപി മോഡൽ പൊളിക്കൽ നടപടികൾ നിർത്തിവെക്കണം: ഹൈക്കോടതി ഉത്തരവ്

single-img
7 August 2023

മണിപ്പൂരിന് പിന്നാലെ കലാപമുണ്ടായ ഹരിയാനയിലെ നൂഹിൽ നടക്കുന്ന യുപി മോഡൽ പൊളിക്കൽ നടപടികൾ നിർത്തിവെക്കാൻ പഞ്ചാബ് – ഹരിയാന ഹൈകോടതി ഉത്തരവിട്ടു. ഉടമസ്ഥർക്ക് നോട്ടീസ് പോലും നൽകാതെയാണ് ബുൾഡോസറുകൾ ഉപയോഗിച്ച്‌ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതെന്ന് ഹർജിയിൽ പറഞ്ഞിരുന്നു.

പൊളിക്കൽ നടപടികൾ ഇതിനോടകം നാലു ദിനം പിന്നിട്ടതിനു പിന്നാലെയാണ് ഇതിനെതിരായ ഹർജി ഹൈകോടതി പരിഗണിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിനും പൊലീസിനും കോടതി നോട്ടീസ് അയച്ചു. പ്രദേശത്തെ വർഗീയ സംഘർഷം ഉണ്ടായതിന് പിന്നാലെയാണ് യു.പി മോഡൽ പൊളിക്കൽ നടപടികൾ സംസ്ഥാന സർക്കാർ തുടങ്ങിയത്.

കൂടുതലായും ന്യൂനപക്ഷങ്ങൾ താമസിക്കുന്ന ചേരികളും കടകളും തകർത്ത അധികൃതർ കഴിഞ്ഞ ദിവസം മൂന്നുനിലയുള്ള സഹാറ ഹോട്ടൽ ഉൾപ്പെടെ 16-ഓളം സ്ഥാപനങ്ങൾ തകർത്തിരുന്നു. തികച്ചും നിയമവിരുദ്ധമായാണ് നിർമാണമെന്നും വി.എച്ച്‌.പി ജാഥക്ക് നേരെ കല്ലേറുനടന്നത് ഈ കെട്ടിടങ്ങളിൽനിന്നാണെന്നുമാണ് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് അശ്വനികുമാർ പറഞ്ഞത്.