കൊണ്ഗ്രെസ്സ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ സോണിയാഗാന്ധി നടത്തിയ പരാമര്‍ശത്തെ ചൊല്ലി രാജ്യസഭയില്‍ ബഹളം


ദില്ലി : കോടതികളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സോണിയാഗാന്ധി നടത്തിയ പരാമര്‍ശത്തെ ചൊല്ലി രാജ്യസഭയില്‍ ബഹളം.
സോണിയയെ വിമര്‍ശിച്ച് രാജ്യസഭാ അധ്യക്ഷന്‍ നടത്തിയ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതാണ് ബഹളത്തിനിടയാക്കിയത്. തര്‍ക്കത്തിനിടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ പരിഗണിച്ച് ശൈത്യകാല സമ്മേളനം ഒരാഴ്ച മുന്‍പേ അവസാനിപ്പിച്ച് ഇരുസഭകളും പിരിഞ്ഞു.
ജുഡീഷ്യറിക്കെതിരായ കേന്ദ്ര നീക്കം കോടതികളുടെ അധികാരം കവരാനാണെന്നായിരുന്നു കഴിഞ്ഞ 7ന് കോണ്‍ഗ്രസ് പാര്ലമെന്ററി പാര്‍ട്ടി യോഗത്തിലെ സോണിയാഗാന്ധിയുടെ പരാമര്‍ശം. തൊട്ടടുത്ത ദിവസം രാജ്യസഭയില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചു. ഉന്നത ഭരണഘനാ സ്ഥാപനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും, അത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു ധന്‍കര്‍ വ്യക്തമാക്കിയത്. എന്നാല്‍ സഭയ്ക്ക് പുറത്ത് പറഞ്ഞത് അകത്ത് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും, അധ്യക്ഷന്റെ പരാമര്‍ശം സഭാ രേഖകളില്‍നിന്നും നീക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഉപരാഷ്ട്രപതി മറുപടി നല്‍കി. ഭരണപക്ഷ അംഗങ്ങളും അധ്യക്ഷനെ പിന്തുണച്ചു. ഇതോടെ ബഹളമായി.
ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ പരിഗണിച്ചാണ് 29 വരെ ചേരാനിരുന്ന ശൈത്യകാല സമ്മേളനം വെട്ടിച്ചുരുക്കി ഇരുസഭകളും പിരിഞ്ഞത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെ ചില കോണ്‍ഗ്രസ് എംപിമാരും ഇന്ന് മാസ്ക് ധരിച്ചാണ് സഭയിലെത്തിയത്.