ഐഎഎസ് റദ്ദാക്കാൻ സാധ്യത; പൂജ ഖേദ്കർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്ത് യുപിഎസ്‌സി
ജോലിക്കായി വ്യാജരേഖകൾ ഉണ്ടാക്കിയതായി കണ്ടെത്തിയതിനെ തുടർന്ന് ഐഎഎസ് പ്രൊബേഷനറി ഉദ്യോഗസ്ഥ പൂജ ഖേദ്കറിനെതിരെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ എഫ്ഐആർ ഫയൽ ചെയ്തു. ഇതോടൊപ്പം പൂജയുടെ നിയമനം റദ്ദാക്കുന്നതിനും ഭാവിയിലെ പരീക്ഷകളിൽ നിന്ന് ഡീബാർ ചെയ്യുന്നതിനുമായി കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
കമ്മീഷൻ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പൂജ ഖേദ്കർ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയെന്ന് യുപിഎസ്‌സി അറിയിച്ചു . ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ (എൽബിഎസ്എൻഎഎ ) ഈ ആഴ്ചയുടെ തുടക്കത്തിൽ തന്നെ ഖേദ്കറുടെ ജില്ലാ പരിശീലന നടപടികൾ നിർത്തിവെച്ചിരുന്നു. കൂടാതെ പൂനെയിൽ നിന്നും സ്ഥലം മാറ്റം ലഭിച്ചതിനു ശേഷം ഇവർ പരിശീലനം തുടരുന്ന വാഷിമിൽ നിന്ന് അക്കാദമിയിലേക്ക് തിരികെ വിളിപ്പിക്കുകയും ചെയ്തിരുന്നു.
അനർഹമായ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടുള്ള പൂജ ഖേദ്കറുടെ നിലപാട് പുണെ കളക്ടർ സുഹാസ് ദിവാസെ റിപ്പോർട്ട് ചെയ്തതോടു കൂടിയാണ് വിവാദങ്ങൾ തുടങ്ങിയത് . കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ ഖേദ്കർ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടെയുള്ളതുമായി ബന്ധപ്പെട്ട് സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് കണ്ടെത്തി.
ഈ വർഷം ജൂണിൽ തൻ്റെ പ്രൊബേഷണറി പരിശീലനത്തിൻ്റെ ഭാഗമായി പൂനെ കളക്‌ട്രേറ്റിൽ ചേർന്ന 32 കാരിയായ ഖേദ്കർ, യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷ പാസ്സാകുന്നതിനായി മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും (ഒബിസി) ബെഞ്ച്മാർക്ക് വികലാംഗരുടെയും (പിഡബ്ല്യുബിഡി) ക്വാട്ട ദുരുപയോഗം ചെയ്‌തെന്ന ആരോപണവും നേരിടുന്നുണ്ട്. നേരത്തെ ആഡംബരക്കാറിൽ ബീക്കൺ ലൈറ്റ് വെച്ചതും അഡീഷണൽ കളക്ടറുടെ മുറി കൈയേറിയതും സംബന്ധിച്ച വിവാദത്തെത്തുടർന്ന് പൂജ ഖേദ്കറെ സ്ഥലംമാറ്റിയിരുന്നു.