ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയായ ബിജെപി നേതാവിന് വീടൊരുക്കാന്‍ ബ്രാഹ്‌മണ സംഘടന
മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയായ ബിജെപി നേതാവിന് വീടൊരുക്കാന്‍ ബ്രാഹ്‌മണ സംഘടന. പ്രതി പ്രവേശ് ശുക്ലയ്ക്ക് വീടൊരുക്കാന്‍ ബ്രാഹ്‌മണ സംഘടനയായ ബ്രാഹ്‌മണ സമാജം ധനസമാഹരണ ക്യാമ്പയിന്‍ ആരംഭിച്ചു.
സംഭവം വിവാദമായപ്പോൾ പ്രതി പ്രവേശ് ശുക്ലയുടെ വീട് കഴിഞ്ഞ ദിവസം മധ്യപ്രദേശ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തിയിരുന്നു. ആദിവാസി യുവാവിന്റെ മുഖത്ത് ബിജെപി നേതാവ് മൂത്രമൊഴിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉൾപ്പെടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രവേശിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് വീട് ഇടിച്ചുനിരത്തിയത്. ഭരണകൂടത്തിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധമെന്ന നിലയിലാണ് പുതിയ വീട് നിര്‍മിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
വീട് നിർമ്മിക്കാൻ ആവശ്യമായ പണം കണ്ടെത്താന്‍ പ്രവേശ് ശുക്ലയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറാണ് നല്‍കിയിരിക്കുന്നത്. മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ പണം സംഭാവന ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് അഖില ഭാരതീയ ബ്രാഹ്‌മണ സമാജം സംസ്ഥാന അധ്യക്ഷന്‍ പുഷ്പേന്ദ്ര മിശ്ര പറയുന്നത്.