യുഎസ് ബാങ്കിങ് പ്രതിസന്ധി ഇന്ത്യന്‍ സാമ്പത്തിക മേഖലയെ ബാധിക്കില്ല: ആര്‍ബിഐ ഗവര്‍ണര്‍

single-img
19 March 2023

അമേരിക്കയിലെ ബാങ്കിങ് പ്രതിസന്ധി ഇന്ത്യന്‍ സാമ്പത്തിക മേഖലയെ ബാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ബാങ്കിങ് മേഖലയിലെ സമീപകാല സംഭവവികാസങ്ങള്‍ ബാങ്കിങ് രംഗത്തെ നിയന്ത്രണങ്ങളുടേയും മേല്‍നോട്ടത്തിന്റേയും പ്രാധാന്യമാണ് ഉയര്‍ത്തിക്കാട്ടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാത്രമല്ല കൊവിഡ്19 പ്രതിസന്ധി്ക്കു പുറമെ യുക്രൈനിലെ യുദ്ധവും ലോകമെമ്പാടും സെൻട്രൽ ബാങ്കുകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നിയന്ത്രണങ്ങളും ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ഒന്നിലധികം ആഘാതങ്ങളുണ്ടാക്കിയെങ്കിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തമായി തുടരുകയും അതിവേഗം വളരുന്ന ലോകത്തെ പ്രധാന സമ്പദ് വ്യവസ്ഥകളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

കൂടാതെ ആഗോളതലത്തില്‍ മികച്ച പ്രകടനം നടത്തുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ നിലനില്‍ക്കുമെന്നതിനാല്‍, നമ്മുടെ ഊര്‍ജ ആവശ്യങ്ങളും ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍, പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ ശേഷിയിലെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ഫോസില്‍ ഇന്ധനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നതിനാണ് നമ്മുടെ മുന്‍ഗണന അദ്ദേഹം പറഞ്ഞു.