ഇന്ധന ചോര്‍ച്ചയും തീപിടുത്തവും തുടര്‍ക്കഥ; അമേരിക്കൻ സൈന്യം ചിനൂക്ക് ഹെലികോപ്ടറുകള്‍ ഒഴിവാക്കുന്നു
എച്ച് 47 എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ചിനൂക്ക് ഹെലികോപ്ടറുകളുടെ സേവനം അമേരിക്കൻ സൈന്യം താല്‍ക്കാലികമായി ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകള്‍. ഇന്ധന ചോര്‍ച്ചയും അതുവഴിയുള്ള തീപിടുത്തവും തുടര്‍ക്കഥയായതോടെയാണ് തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ബോയിങ് കമ്പനി നിര്‍മിക്കുന്ന ഈ ഹെലികോപ്റ്ററുകൾ യുഎസ് കൂടാതെ ഇരുപതിലധികം ലോകരാജ്യങ്ങളിലെ സേനാവിഭാഗങ്ങൾ ഉപയോഗിച്ചുവരുന്നുണ്ട്. നിലവിൽ ഏകദേശം 400 ഓളം ചിനൂക്ക് ഹെലികോപ്റ്ററാണ് അമേരിക്കയ്ക്കുള്ളത്. അതിൽ തന്നെ ചിലതിന്റെ എന്‍ജിന് തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
യുദ്ധ സമയങ്ങളിൽ ഉപയോഗിക്കാനാകുന്ന തരത്തില്‍ മികച്ച സായുധ സന്നാഹങ്ങള്‍ ഉളള ഹെലികോപ്ടറാണ് ചിനൂക്ക്. വളരെയധികം ഭാരം വഹിക്കാന്‍ കഴിയുന്ന ചിനൂക്കിന്റെ സേവനം ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ ഉപയോഗിച്ചിരുന്നു. ഇപ്പോൾ കണ്ടെത്തിയ തകരാര്‍ പരിഹരിക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചതായി യുഎസ് സൈനിക വക്താവ് സിന്തിയ സ്മിത് വ്യക്തമാക്കി. അപകടങ്ങള്‍ ഇതുവരെ ജീവഹാനിക്ക് ഇടവരുത്തിയിട്ടില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയിലാണ് ഹെലികോപ്ടറുകള്‍ തല്‍ക്കാലം ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്തായാലും സംഭവം പുറത്തുവന്നതോടെ ഇന്ത്യന്‍ വായുസേനയും ഹെലികോപ്ടറിന്റെ നിര്‍മാതാക്കളായ ബോയിങ് കമ്പനിയോട് വിശദീകരണം തേടിയിട്ടുണ്ട്. മേരിക്കയിൽ നിന്നും ലഭ്യമായ 15 ചിനൂക്ക് ഹെലികോപ്റ്ററുകളാണ് ഇന്ത്യയ്ക്കുള്ളത്.