പറത്താനുള്ള പരിശീലനം ഉക്രെയ്‌നിയന്‍ പൈലറ്റുമാര്‍ പൂര്‍ത്തിയാക്കിയാലുടന്‍ എഫ്- 16 യുദ്ധവിമാനങ്ങൾ നൽകാൻ അമേരിക്ക
ഉക്രെയ്‌നിലേക്ക് ഡെന്മാര്‍ക്കില്‍ നിന്നും നെതര്‍ലന്‍ഡ്‌സില്‍ നിന്നും എഫ്-16 യുദ്ധവിമാനങ്ങള്‍ അയക്കാന്‍ അനുമതി നല്‍കി അമേരിക്ക . അമേരിക്കന്‍ നിര്‍മിതമായ എഫ്-16 യുദ്ധവിമാനങ്ങള്‍ പറത്താനുള്ള പരിശീലനം ഉക്രൈനിന്റെ പൈലറ്റുമാര്‍ പൂര്‍ത്തിയാക്കിയാലുടന്‍ വിമാനങ്ങള്‍ കൈമാറുമെന്ന് യു.എസ് അധികൃതര്‍ പറഞ്ഞു.
റഷ്യക്കെതിരെ പോരാടാന്‍ എഫ്-16 യുദ്ധവിമാനങ്ങള്‍ക്കായി ഉക്രെയ്ന്‍ ഏറെക്കാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ, നാറ്റോ സഖ്യകക്ഷികളില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ കൈമാറുന്നതിന് യു.എസിന്റെ അനുമതി ആവശ്യമുണ്ട്. നാറ്റോ അംഗങ്ങളായ ഡെന്മാര്‍ക്കും നെതര്‍ലന്‍ഡ്‌സും അനുമതിക്കായി അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
ആദ്യ ഘട്ടത്തിൽ 11 രാജ്യങ്ങളുടെ നേതൃത്വത്തില്‍ ഡെന്മാര്‍ക്കില്‍ വെച്ചാണ് യുക്രെയ്‌നിയന്‍ പൈലറ്റുമാര്‍ക്ക് എഫ്-16 പറത്താനുള്ള പരിശീലനം നല്‍കുക. ഈ പരിശീലനത്തിന്റെ ‘ഫലം’ അടുത്ത വര്‍ഷം തുടക്കത്തില്‍ കാണാനാകുമെന്നാണ് ഡെന്മാര്‍ക്ക് ആക്ടിങ് പ്രതിരോധ മന്ത്രി ട്രോള്‍സ് പോള്‍സെന്‍ പറഞ്ഞത്.
എഫ്-16 യുദ്ധവിമാനങ്ങള്‍ യുക്രെയ്‌ന് കൈമാറുന്നതിലും പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിലും യു.എസിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ഡച്ച്, ഡാനിഷ് പ്രതിരോധ വകുപ്പിന് അയച്ച കത്തില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്തോണി ബ്ലിങ്കന്‍ പറഞ്ഞു.