ഉത്തര്‍പ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സാമൂഹ്യ മാധ്യമ ഉപയോഗത്തിന് നിയന്ത്രണം
ലഖ്നൗ : ഉത്തര്‍പ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സാമൂഹ്യ മാധ്യമ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
പൊലീസ് യൂണിഫോമില്‍ വീഡിയോകള്‍ ചിത്രീകരിക്കുന്നതിനും ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്നിവ ചിത്രീകരിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും വിലക്കിയുള്ള സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. ഇന്‍റലിജന്‍സ് വിഭാഗത്തിലെ പൊലീസുകാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും പൊലീസ് മേധാവി ഡിഎസ് ചൗഹാന്‍ പുറത്തിറക്കിയ സോഷ്യല്‍ മീഡിയ നയത്തില്‍ പറയുന്നു.
സര്‍ക്കാരിനെയോ, സര്‍ക്കാര്‍ തീരുമാനങ്ങളെയോ രാഷ്ട്രീയപാര്‍ട്ടികളെയോ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായം പറയുന്നതിനും പൊലീസുകാര്‍ക്ക് വിലക്കുണ്ട്. ഔദ്യോഗിക രേഖകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിടുന്നതിനും ആക്ഷേപകരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനും ശക്തമായ നടപടിയുണ്ടാകുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പുറത്തിറക്കിയ പുതിയ സോഷ്യല്‍ മീഡിയ നയത്തില്‍ വ്യക്തമാക്കുന്നു.
‘ഡ്യൂട്ടിക്ക് ശേഷവും പൊലീസിന്റെ പ്രതിച്ഛായ നശിപ്പിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വീഡിയോകളോ റീലുകളോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ലോഡ് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. കോച്ചിംഗ് ക്ലാസുകള്‍, പ്രഭാഷണങ്ങള്‍, സമൂഹ മാധ്യമങ്ങളിലെ ലൈവ്, വെബിനാറുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിന് മുമ്ബ് മേലുദ്യോഗസ്ഥരില്‍ നിന്ന് അനുമതി വാങ്ങാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്’- പൊലീസ് മേധാവി ഡിഎസ് ചൗഹാന്‍ വ്യക്തമാക്കി.
സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതിയില്ലാതെ സര്‍ക്കാര്‍, വ്യക്തിഗത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പണം സ്വീകരിക്കരുത്. ഔദ്യോഗികവും വ്യക്തിപരവുമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സ്ത്രീകളുടെയും പട്ടികജാതി/പട്ടികവര്‍ഗക്കാരുടെയും അന്തസ്സിനെ ബാധിക്കുന്നതോ അവരുടെ അന്തസ്സിനു വിരുദ്ധമായതോ ആയ ഒരു അഭിപ്രായവും പറയരുത്. പൊലീസ് ഉദ്യോഗസ്ഥര്‍ വകുപ്പില്‍ അതൃപ്തി പരത്തുന്ന പോസ്റ്റോ, ഫോട്ടോകളോ, വീഡിയോയോ ഔദ്യോഗികവും വ്യക്തിപരവുമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കിടരുത്. കൂടാതെ രാഷ്ട്രീയപരമായ പോസ്റ്റുകളോ അഭിപ്രായ പ്രകടനങ്ങളോ പാടില്ലെന്നും ഡിജിപി പുറത്തിറക്കിയ സോഷ്യല്‍ മീഡിയ നയത്തില്‍ പറയുന്നു.