ഉത്ര കേസ് അന്വേഷണം പുസ്കമായി; എഴുതിയത് മുൻ ഉത്തരാഖണ്ഡ് ഡിജിപി അലോക് ലാലും മകനും

single-img
23 May 2024

കേരളാ പൊലീസിൻറെ അന്വേഷണ മികവിന് ഉദാഹരണമായ ഉത്ര കേസ് അന്വേഷണം പുസ്കമായി വായക്കാരുടെ മുന്നിലേക്ക്. മുൻ ഉത്തരാഖണ്ഡ് ഡിജിപി അലോക് ലാലും മകൻ മനാസ് ലാലും ചേർന്നാണ് പുസ്കമെഴുതിയത്.
ഫാൻങ്സ് ഓഫ് ഡെത്ത്’ എ ട്രൂ സ്റ്റോറി ഓഫ് കേരള സ്നേക്ക് ബൈറ്റ് മർഡർ എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്.

കൊല്ലം ജില്ലയിലെ അഞ്ചലിലാണ് ഉത്രയെന്ന പെണ്‍കുട്ടിയെ ഭർത്താവ് സൂരജ് പാമ്ബിനെ കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയത്. ഇന്ത്യയിൽ ഇതിന് മുൻപ് രണ്ട് തവണയാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ച്‌ ആളുകളെ കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഹാരാഷ്ട്രയിലെ പൂണെയിലും നാഗ്പൂരിലുമായിരുന്നു അത്. പൂണെയില്‍ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊല്ലപ്പെടുത്താൻ പാമ്ബിനെ ഉപയോഗിച്ചെന്നായിരുന്നു കേസ്.

നാഗ്പൂരില്‍ മാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുക്കാൻ മകൻ തന്നെയാണ് പാമ്പിനെ കൊണ്ട് കൊത്തിച്ചു കൊലപാതകം നടത്തിയത്. പക്ഷെ ഈ രണ്ട് കേസിലും തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വിചാരണ കോടതികള്‍ വെറുതെ വിട്ടത് മഹാരാഷ്ട്രാ പൊലീസിന്റെ വീഴ്ചയായാണ് വിലയിരുത്തപ്പെട്ടത്. സമാനവിധി ഉത്രക്കേസില്‍ ഉണ്ടായില്ല എന്നത് കേരള പൊലീസിന്റെ നേട്ടമായാണ് വിലയിരുത്തിയത്.

കൊലപാതകം, ഗൂഢാലോചന, ജീവനുള്ള വസ്തുവിനെ വച്ച്‌ കൊലപാതകശ്രമം, ഗാർഹിക പീഡനം, കൊലപാതകശ്രമം എന്നിങ്ങനെ അഞ്ച് വകുപ്പുകളാണ് പൊലീസ് കുറ്റപത്രത്തില്‍ സൂരജിനെതിരെ ചാർത്തിയായത്. കേസില്‍ ആദ്യം പ്രതി ചേർക്കപ്പെട്ട പാമ്പ് പിടുത്തക്കാരൻ കല്ലുവാതുക്കല്‍ സുരേഷിനെ പൊലീസ് പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു.

ദൃക്സാക്ഷികളില്ലാത്ത കേസില്‍ കോടതിക്ക് മുന്നിലുള്ള ഏറ്റവും വലിയ സാക്ഷിമൊഴിയാണ് സുരേഷിന്റേത്. സൂരജിന് പാമ്ബുകളെ കൊടുത്തിട്ടുണ്ടെന്നും അവയെ കൈകാര്യം ചെയ്യാൻ സൂരജിന് അറിയാമെന്നും സുരേഷ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഭാര്യയെ കൊല്ലാൻ വേണ്ടിയായിരുന്നു സൂരജ് പാമ്ബിനെ വാങ്ങിയത് എന്നറിയില്ലായിരുന്നുവെന്ന സുരേഷിന്റെ മൊഴി അംഗീകരിച്ചാണ് കോടതി ഇയാളെ മാപ്പുസാക്ഷിയാക്കിയത്.

ഉത്രയെ മൂർഖനെ ഉപയോഗിച്ച്‌ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച്‌ നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം. എന്നിങ്ങനെ നാല് ശിക്ഷകള്‍ ആണ് കോടതി സൂരജിന് വിധിച്ചത്.

ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയില്‍ കോടതി വ്യക്തമാക്കിയിരുന്നു. പ്രതിയുടെ പ്രായവും ഇതിനു മുൻപ് കുറ്റകൃത്യങ്ങളില്‍ ഇടപെട്ടിട്ടില്ല എന്നതും വധശിക്ഷയില്‍ നിന്നൊഴിവാക്കാൻ കോടതി പരിഗണിച്ചു. നഷ്ടപരിഹാരമായി നല്‍കുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയില്‍ കോടതി വ്യക്തമാക്കിയിരുന്നു.