ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങള്‍ അപകടങ്ങളാണെന്ന് ഉത്തരാഖണ്ഡ് മന്ത്രി
ഡെറാഡൂണ്‍: മുന്‍ പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങള്‍ അപകടങ്ങളാണെന്ന് ഉത്തരാഖണ്ഡ് മന്ത്രി ഗണേഷ് ജോഷി.
രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും അപകടങ്ങളും രക്തസാക്ഷിത്വവും തമ്മില്‍ വിത്യാസമുണ്ടെന്നും ഗണേഷ് ജോഷി പറഞ്ഞു. ഡെറാഡൂണില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഉത്തരാഖണ്ഡ് സര്‍ക്കാരില്‍ കൃഷി, കര്‍ഷക ക്ഷേമം, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകളുടെ ചുമതലക്കാരനാണ് ബിജെപി നേതാവായ ഗണേഷ് ജോഷി.
‘സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായി ഭഗത് സിംഗ്, സവര്‍ക്കര്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിവരുടെ രക്തസാക്ഷിത്വങ്ങളെ നമ്മള്‍ കണ്ടു. എന്നാല്‍ ഗാന്ധി കുടുംബത്തിലെ അംഗങ്ങള്‍ക്ക് സംഭവിച്ചത് അപകടങ്ങളായിരുന്നു. അപകടങ്ങളും രക്തസാക്ഷിത്വവും തമ്മില്‍ വ്യത്യാസമുണ്ട്’- ഗണേഷ് ജോഷി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സുഗമമായി പര്യവസാനിക്കാന്‍ കാരണം നരേന്ദ്ര മോദിയാണ്. അതിന് രാഹുല്‍ മോദിയോട് നന്ദി പറയണമെന്നും മന്ത്രി രാഹുല് ഗാന്ധിയുടെ കശ്മീരിലെ പ്രസംഗത്തിന് മറുപടിയായി പറഞ്ഞു.
പ്രധാനമന്ത്രി ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി നീക്കിയിരുന്നില്ലെങ്കില്‍ അവിടെ ജന ജീവിതം സാധാരണ നിലയില്‍ എത്തിയില്ലായിരുന്നു. ലാല്‍ ചൗക്കില്‍ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ കഴിയുമായിരുന്നില്ല. ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തുന്ന സമയത്ത് കശ്മീരില്‍ അക്രമണങ്ങള്‍ കൂടുതലായിരുന്നുവെന്നും ഗണേഷ് ജോഷി പറഞ്ഞു.
ബിജെപിയിലെ ഒരു നേതാവിനും ഇതുപോലെ യാത്ര നടത്താന്‍ ആകില്ലെന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ‘ബിജെപിയിലെ ഒരു നേതാവിനും ഇതുപോലെ യാത്ര നടത്താന്‍ ആകില്ല. കാരണം അവര്‍ക്ക് ഭയമാണ്. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വം പോലൊരു സാഹചര്യമോ ആ വേദനയോ നരേന്ദ്രമോദിക്കോ അമിത് ഷാക്കോ അജിത് ഡോവലിനോ മനസ്സിലാകില്ല. എന്നാല്‍ കശ്മീരിലെ ജനങ്ങള്‍ക്കും സൈനികര്‍ക്കും അത് മനസ്സിലാകും. പുല്‍വാമയിലെ വീരമൃത്യു വരിച്ച സൈനികരുടെ കുഞ്ഞുങ്ങളുടെ വേദന എനിക്ക് മനസ്സിലാകും’- രാഹുല്‍ ഗാന്ധി പറഞ്ഞു.