കോൺഗ്രസുകാർക്ക് അഴിഞ്ഞാടാനും അക്രമം കാണിക്കാനും പിണറായി വിജയൻ അവസരം നൽകുന്നു: വി.മുരളീധരൻ
രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിന്റെ പേരിൽ കോൺഗ്രസുകാർക്ക് അഴിഞ്ഞാടാനും അക്രമം കാണിക്കാനും പിണറായി വിജയൻ സർക്കാർ അവസരം നൽകുകയാണെന്ന് വി.മുരളീധരൻ. രാജ്യത്ത് മറ്റെവിടെയും പേരിനു പോലും പ്രതിഷേധം കാണാനാകില്ലെന്നും വി.മുരളീധരൻ പറഞ്ഞു.
അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നിയമത്തിന്‍റെ വഴിനോക്കണം. ഭരണഘടനയേയും കോടതിയേയും വെല്ലുവിളിക്കുന്ന സമീപനം അംഗീകരിക്കാനാകില്ല. പിന്നാക്ക വിഭാഗക്കാരോട് എന്തുമാകാമെന്ന രാഹുൽഗാന്ധിയുടെ ധാർഷ്ട്യം ഈ രാജ്യത്ത് നടക്കില്ല. സമുദായാധിക്ഷേപം നടത്തി ന്യായം പറയരുത്. നായർ സമുദായത്തിൽ ഉൾപ്പെട്ടവർ മുഴുവൻ കള്ളന്മാരെന്ന് പറഞ്ഞാൽ ആ സമുദായം അത് അംഗീകരിക്കില്ല. ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നതിനുള്ള ശിക്ഷയാണ് രാഹുൽ ഗാന്ധിക്ക് ലഭിച്ചതെന്നും വി.മുരളീധരൻ പറഞ്ഞു.
അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധം കടുപ്പിച്ചു കോൺഗ്രസ്. ഇതിന്റെ ഭാഗമായി രാജ് ഘട്ടില്‍ കോൺഗ്രസ് നേതാക്കൾ ഇന്ന് സത്യാഗ്രഹമിരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും വൈകീട്ട് അഞ്ച് മണിവരെ നടക്കുന്ന സത്യഗ്രഹത്തില്‍ പങ്കെടുക്കും.