ക്രിസ്ത്യൻ ചെറുപ്പക്കാരുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് പ്രധാനമന്ത്രി മോദി: വി മുരളീധരൻ
ക്രിസ്ത്യൻ ചെറുപ്പക്കാരുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പള്ളി സന്ദർശിച്ച പടമാണ് എന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ബിജെപി നേതാക്കൾ ബിഷപ്പ് ഹൗസ് സന്ദർശിക്കുന്നത് സംബന്ധിച്ച വിമർശനങ്ങൾക്ക് മറുപടി പറയവേ ആണ് ഈ അവകാശവാദം വി മുരളീധരൻ ഉന്നയിച്ചത്.
കേരളത്തിലെ ക്രൈസ്തവരെ സ്നേഹം കൊണ്ട് മൂടുന്ന കമ്മ്യൂണിസ്റ്റുകാർ ലക്ഷക്കണക്കിന് ക്രൈസ്തവരെ വംശഹത്യ നടത്തിയവരുടെ പിൻമുറക്കാരെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ആരോപിച്ചു. റഷ്യയിലും ചൈനയിലും കമ്മ്യൂണിസ്റ്റ് ഭരണകൂടം ക്രൈസ്തവരെ പീഡിപ്പിച്ചു . ലെനിൻ്റെയും സ്റ്റാലിൻ്റെയും നേതൃത്വത്തിൽ നടന്ന ക്രിസ്ത്യൻ വംശഹത്യയെ അപലപിക്കാൻ സിപിഎം തയാറുണ്ടോയെന്ന് മുരളീധരൻ ചോദിച്ചു. ചൈനയിൽ ബിഷപ്പുമാരെ വാഴിക്കുന്നത് മാർപാപ്പയല്ല, കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. കന്യാമറിയത്തിന്റേയും യേശുക്രിസ്തുവിന്റേയും രൂപത്തിനുപകരം ചൈനീസ് പ്രസിഡന്റിന്റെ പടം വെക്കണം എന്ന് നിർദേശിച്ചവരാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും വി മുരളീധരൻ ആരോപിച്ചു.
വിചാരധാരയുമായി ക്രൈസ്തവരെ ബോധവൽക്കരിക്കാനിറങ്ങുന്ന കമ്മ്യൂണിസ്റ്റുകാർ ആദ്യം പാർട്ടി ഓഫീസുകളിൽ നിന്ന് ലെനിൻറെയും ജോസഫ് സ്റ്റാലിൻറെയും ചിത്രങ്ങൾ നീക്കുകയാണ് ചെയ്യേണ്ടതെന്നും വി മുരളീധരൻ ഫേസ്‌ബുക്കിലൂടെ പറഞ്ഞു.