കേന്ദ്രം ഏറ്റവും കൂടുതല്‍ റവന്യൂ കമ്മി ഗ്രാന്‍ഡ് നല്‍കിയ സംസ്ഥാനമാണ് കേരളം: വി മുരളീധരന്‍
കേന്ദ്രം ഏറ്റവും കൂടുതല്‍ റവന്യൂ കമ്മി ഗ്രാന്‍ഡ് നല്‍കിയ സംസ്ഥാനമാണ് കേരളം എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്രം കേരളത്തിന് നികുതി വിഹിതം നല്‍കിയില്ലെന്ന ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ വിമർശനത്തിന് മറുപടിയായിട്ടാണ് വി മുരളീധരന്റെ വിമർശനം.
നികുതി പിരിവില്‍ കേരളം ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്. ആഡംബരം നടത്താന്‍ സാമൂഹിക സുരക്ഷാ സെസിന്റെ പേരില്‍ ജനങ്ങളെ പിഴിയുകയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നയാള്‍ നികുതി വെട്ടിച്ച് സ്വര്‍ണം കടത്തിയ കേസില്‍ അന്വേഷണം നേരിടുകയാണ്. അങ്ങനെയുള്ള ഒരാള്‍ ഉന്നത പദവിയിലിരിക്കുന്ന സംസ്ഥാനത്ത് എങ്ങനെയാണ് നികുതി പിരിവ് കാര്യക്ഷമമായി നടപ്പാക്കാനാവുകയെന്നും മുരളീധരന്‍ ചോദിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ള സംസ്ഥാനമാണ് കേരളം. തോന്നിയപോലെ കടമെടുക്കുന്നത് കേന്ദ്ര സര്‍ക്കാരിന് അനുവദിക്കാനാവില്ല. കിഫ്ബിയുടെ പേരില്‍ കടമെടുത്താലും അത് തിരിച്ചടക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും മുരളീധരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിദേശ സഞ്ചാരത്തിനാണ് കടമെടുത്ത പണം ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.