സ്ത്രീ സുരക്ഷയില്‍ കേരളം വട്ടപ്പൂജ്യം: വി. മുരളീധരന്‍
വഞ്ചിയൂരില്‍ വീട്ടമ്മ അതിക്രമത്തിനിരയായ സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ചു കേന്ദ്രമന്ത്രി വി. മുരളീധരന്‍. സഹായമഭ്യര്‍ഥിച്ച് വിളിക്കുന്ന സ്ത്രീകളോട് നിസംഗതയോടെ പ്രതികരിക്കുകയും, അര്‍ധരാത്രി സ്റ്റേഷനിലെത്തി മൊഴി നല്‍കാന്‍ പറയുകയും ചെയ്യുന്നതാണ് പിണറായി പോലീസിന്റെ ലക്ഷണമെന്ന് മന്ത്രി ഫെയ്‌സ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചു.
മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഒരു സ്ത്രീ ആക്രമണത്തിന് ഇരയായി ഒരാഴ്ചയായിട്ടും പ്രതി കാണാമറയത്താണ്. സഹായമഭ്യര്‍ഥിച്ച് വിളിക്കുന്ന സ്ത്രീകളോട് നിസംഗതയോടെ പ്രതികരിക്കുകയും അര്‍ധരാത്രി സ്റ്റേഷനിലെത്തി മൊഴി നല്‍കാന്‍ പറയുകയും ചെയ്യുന്നതാണ് പിണറായി പോലീസിന്റെ ലക്ഷണം. ലജ്ജയില്ലാതെ, അതേ പോലീസിനെ ന്യായീകരിക്കുന്ന വനിതാ കമ്മിഷന്‍ കൂടിയായപ്പോള്‍ കമ്മ്യൂണിസ്റ്റ് ഭരണം പൂര്‍ണമായി. മന്ത്രിയുടെ സെക്രട്ടറിയുടെ ഡ്രൈവര്‍ മുതല്‍ വഴിപോക്കന്‍ വരെയുള്ള സാമൂഹ്യവിരുദ്ധരെക്കൊണ്ട് തലസ്ഥാനത്ത് സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഭയമായിരിക്കുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ മാത്രം തിരുവനന്തപുരത്ത് സ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ മാത്രം മതി സ്ത്രീ സുരക്ഷയില്‍ കേരളം വട്ടപൂജ്യമെന്ന് മനസിലാക്കാന്‍. പോലീസ് കാവലില്‍ കമ്മ്യൂണിസ്റ്റുകാരായ വനിതകളെ ഇറക്കി നടത്തുന്ന ‘രാത്രി നടത്തം’പോലുള്ള പ്രഹസനങ്ങളല്ല, സാധാരണ സ്ത്രീകള്‍ക്ക് സുരക്ഷിതരായി ജീവിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കേണ്ടത്. പാറ്റൂരിലെ വീട്ടമ്മയുടെ അനുഭവം മലയാളിയെ ആകെ ലജ്ജിപ്പിക്കുന്നതാണ്.ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന ചെറുസംഭവങ്ങളുടെ പേരില്‍പ്പോലും മെഴുകുതിരി തെളിക്കുന്ന ആരെയും ഈ വീട്ടമ്മയ്ക്കായി കണ്ടില്ല. തലസ്ഥാനത്തെ സാംസ്‌കാരിക അടിമകളും അഭിനവ ബുദ്ധിജീവികളും ഉറക്കത്തിലാണ്. കാരണം ഇത് പിണറായി ഭരണമാണ്.’ വി മുരളീധരന്‍ കുറിച്ചു.