സുരേഷ് ഗോപി ബിജെപി കോർ കമ്മിറ്റിയിൽ വരുന്നതിനെ സ്വാഗതം ചെയ്ത് വി മുരളീധരൻ
നടനും മുൻ എംപിയുമായ സുരേഷ് ഗോപി ബിജെപിയുടെ കോർ കമ്മിറ്റിയിൽ വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. അതിന് സുരേഷ് ഗോപിക്ക് എല്ലാ യോഗ്യതയും ഉണ്ട്. അദ്ദേഹത്തിന്റെ പ്രതിബദ്ധതയിൽ ആർക്കും സംശയമില്ല.
സുരേഷ് ഗോപിയെ ബിജെപിയുടെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മറ്റ് കാര്യങ്ങൾ അറിയില്ല എന്നും മുരളീധരൻ പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കേരള ഘടകത്തിന്റെ അറിവോടെയാണ് സുരേഷ് ഗോപിയുടെ സ്ഥാന ലബ്ധി എന്ന രീതിയിൽ പ്രതികരിച്ചിരുന്നു.
ആരെയെങ്കിലും ഒഴിവാക്കുന്നതും കൂട്ടി ചേർക്കുന്നതും നേതൃത്വത്തിന്റെ ആശയ വിനിമയത്തിന് ശേഷമാണെന്നായിരുന്നു കെ.സുരേന്ദ്രന്റെ പ്രതികരണം. പാർട്ടിക്ക് സംഭാവന ചെയ്യാൻ കഴിയുന്ന ആളാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ സേവനം കേരളത്തിൽ കൂടുതൽ വേണം. കേന്ദ്രവും സംസ്ഥാനവും കൂട്ടായി ആണ് തീരുമാനം എടുക്കുന്നത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.