ആര്‍എസ്‌എസ് ശാഖ സംരക്ഷിക്കാന്‍ താന്‍ ആളെ അയച്ചുവെന്ന കെ സുധാകരന്‍റെ പ്രസ്താവനയെ വിമര്‍ശിച്ച്‌ വി ശിവന്‍കുട്ടി

single-img
10 November 2022

തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍എസ്‌എസ് ശാഖ സംരക്ഷിക്കാന്‍ താന്‍ ആളെ അയച്ചുവെന്ന കെ സുധാകരന്‍റെ പ്രസ്താവനയെ വിമര്‍ശിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

കെ സുധാകരന്റേത് ബിജെപിയിലേക്ക് പോകുന്നതിന് മുമ്ബുള്ള പ്രഖ്യാപനമാണെന്നാണ് ശിവന്‍കുട്ടിയുടെ വിമര്‍ശനം. കെപിസിസി പ്രസിഡന്റ് മഹാത്മാ ഗാന്ധിയുടെ അനുഭവം മനസിലാക്കിയിരിക്കണമെന്നും രാജ്യത്താകെ ആര്‍എസ്‌എസും ബിജെപിയും ചെയ്യുന്നത് അറിയാത്ത ആളല്ല സുധാകരന്‍ എന്നും ശിവന്‍കുട്ടി പറഞ്ഞു. സുധാകരന്‍ ബിജെപിയിലേക്ക് പോകുന്നതിനുള്ള ആദ്യ പടിയിലാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ആര്‍എസ്‌എസുമായി ബന്ധപ്പെട്ട് തന്‍റെ മുന്‍ പ്രസ്താവന കെ സുധാകരന്‍ ആവര്‍ത്തിച്ചത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിട്ടുള്ളത്. താന്‍ ആര്‍എസ്‌എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും അന്ന് സംഘടനാ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നുവെന്നുമാണ് കെ സുധാകരന്‍ പറഞ്ഞത്. മാത്രമല്ല, തനിക്ക് ബിജെപിയില്‍ പോകണമെന്ന് തോന്നിയാല്‍ പോകുമെന്നും കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. തനിക്ക് ബിജെപിയില്‍ പോകണമെന്ന് തോന്നിയാല്‍ താന്‍ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. തനിക്ക് പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയുണ്ട്. തനിക്ക് അതിനുള്ള രാഷ്ട്രീയ ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ സുധാകരന്‍റെ പ്രസ്താവനയില്‍ അദ്ഭുതമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. കണ്ണൂരില്‍ കോണ്‍ഗ്രസും ആര്‍എസ്‌എസും പരസ്പരം സഹകരിച്ചാണ് പ്രവര്‍ത്തിച്ചത്. 1969 മുതലേ ആ ബന്ധം ഉണ്ട്. ഇ പി ജയരാജനെതിരെ അക്രമം നടത്തിയവരില്‍ ആര്‍എസ്‌എസുകാരുമുണ്ട്. കണ്ണൂരിനെ ദത്തെടുത്ത് സിപിഎമ്മിനെ നശിപ്പിക്കാന്‍ ശ്രമിച്ചവരാണ് ആര്‍എസ്‌എസ്. ആദ്യം തെരഞ്ഞെടുത്ത ജില്ലയെന്ന നിലയില്‍ രണ്ട് കോടി രൂപ നല്‍കി എന്നത് ആര്‍എസ്‌എസ് പറഞ്ഞതാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു