വൈക്കം സത്യാഗ്രഹം കേരളത്തിലായിരുന്നെങ്കിലും തമിഴ്‌നാട്ടിലും മാറ്റമുണ്ടാക്കി: എംകെ സ്റ്റാലിൻ


താനും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ശരീരം കൊണ്ട് രണ്ടാണെങ്കിലും ചിന്ത കൊണ്ട് ഒന്നാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വൈക്കം സത്യാഗ്രഹം കേരളത്തിലായിരുന്നെങ്കിലും തമിഴ്നാട്ടിലും മാറ്റമുണ്ടാക്കിയെന്നും തമിഴ്‌നാടും കേരളവും ചേർന്ന് നയിച്ച പോരാട്ട വിജയത്തെയാണ് നമ്മളിന്ന് ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചവർക്ക് തമിഴ് മക്കളുടെ പേരിൽ ആശംസകൾ നേർന്ന സ്റ്റാലിൻ, മതജാതി ശക്തികൾ വീണ്ടും ശക്തിയാർജിക്കുന്ന കാലഘട്ടത്തിൽ നമുക്ക് ഉത്തരവാദിത്വം കൂടുതലാണെന്നും ചൂണ്ടിക്കാട്ടി.
അങ്ങിനെയുള്ളവർക്കെതിരെയുള്ള പോരാട്ടത്തിന് വൈക്കം സത്യഗ്രഹം വെളിച്ചമാകണം. തന്തൈ പെരിയോർ തമിഴകത്തിന്റെയോ ഇന്ത്യയുടെയോ മാത്രം മാത്രം നേതാവല്ല. ലോകത്തിന്റെയാകെ നേതാവാണ്. അദ്ദേഹം മുന്നോട്ടുവച്ചത് എല്ലാ ജനങ്ങൾക്കും വേണ്ടിയുള്ള ചിന്തകളാണ്. സമത്വവും സോഷ്യലിസവും തുല്യനീതിയും വിവേചനമില്ലായ്മയും സ്ത്രീശാക്തീകരണവും ഉൾപ്പെടെയുള്ള മൂല്യങ്ങളാണ് അദ്ദേഹം മുന്നോട്ടുവച്ചത്.
ആ തിന്തകൾ ലോകത്തിനാകെ ആവശ്യമുള്ളവയാണ്. അത് പൂർണമായും വീണ്ടെടുക്കാൻ നമ്മളെല്ലാവരും പരിശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദമാക്കി. തമിഴ്നാട്- കേരള മുഖ്യമന്ത്രിമാർ ചേർന്നാണ് ആഘോഷം ഉദ്ഘാടനം ചെയ്തത്.