ഗുജറാത്ത് വംശഹത്യയിൽ വാജ്‌പേയ്ക്ക് മോദിയോട് വെറുപ്പ് ഉണ്ടായിരുന്നു; വെളിപ്പെടുത്തി വാജ്‌പേയിയുടെ മരുമകള്‍
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നേരത്തെ ഒരിക്കൽ വെളിപ്പെടുത്തല്‍ നടത്തിയ മുൻ പ്രധാനമന്ത്രി വാജ്‌പേയുടെ മരുമകളുടെ അഭിമുഖം വീണ്ടും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഗുജറാത്തിൽ ഗോധ്ര ട്രെയിന്‍ തീവെച്ചതും, കലാപം നടത്തിയതും മോദി ആണെന്നും അതിന്റെ പേരില്‍ വാജ്‌പേയ്ക്ക് മോദിയോട് വെറുപ്പ് ആയിരുന്നുവെന്നുമുള്ള വെളിപ്പെടുത്തലാണ് ഈ അഭിമുഖത്തിലുള്ളത്.
കഴിഞ്ഞ ആഴ്ചയിൽ മോദിക്കെതിരെ ബിബിസി ഡോക്യുമെന്ററി വന്ന പശ്ചാത്തലത്തിലാണ് മറ്റൊരു അഭിമുഖവും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. മുന്‍ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയുടെ മരുമകള്‍ കരുണ ശുക്ല എന്‍ ഡി ടി വിക്ക് നല്‍കിയ അഭിമുഖത്തിന്റെ ഒരു ഭാഗത്താണ് മോദിക്കെതിരായ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
ഗോധ്ര കലാപത്തിന്റെ പാപക്കറ മോദിയുടെ വസ്ത്രത്തില്‍ നിന്ന് പോകില്ല. കലാപങ്ങള്‍ സൃഷ്ടിച്ചത് മോദിയാണെന്നും ഇതിന്റെ പേരില്‍ വാജ്‌പേയ്ക്ക് മോദിയോട് വെറുപ്പായിരുന്നുവെന്നുമുള്ള ഗുരുതര വെളിപ്പെടുത്തലാണ് കരുണ ശുക്ല അഭിമുഖ സംഭാഷണത്തില്‍ നടത്തിയിരുന്നത്. വാജ്‌പേയുടെ കാലത്തെ ആശയങ്ങളില്‍ നിന്നും ബിജെപി ഒരുപാട് വ്യതിചലിച്ചുവെന്നും കരുണ ശുക്ല പറയുന്നു.
മാത്രമല്ല, കലാപകാലത്ത് ഗുജറാത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മോദി രാജിവയ്ക്കണമെന്ന നിലപാട് വാജ്‌പേയ് എടുത്തപ്പോള്‍ ബിജെപി ദേശീയ നേതൃത്വങ്ങളില്‍ ഭൂരിഭാഗവും മോദിക്ക് ഒപ്പമായിരുന്നു. ഗുജറാത്ത് കലാപകാലത്തെ മോദി ഭരണത്തില്‍ വാജ്‌പേയ് അസംതൃപ്തനായിരുന്നു എന്നതിന്റെ തെളിവ് കൂടിയാണ് കരുണാ ശുക്ലയുടെ പ്രസ്താവന.