മറ്റ് ട്രെയിനുകൾ വൈകുന്നതിന്റെ കാരണം വന്ദേഭാരതല്ല; വിശദീകരണവുമായി ദക്ഷിണ റെയിൽവേ


കേരളത്തിൽ ആദ്യമായി സർവീസ് ആരംഭിച്ച വന്ദേഭാരത് ട്രെയിനിന്റെ സമയക്രമവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി ദക്ഷിണ റെയിൽവേ . വന്ദേഭാരത് അതിന്റെ യാത്രാ സമയക്രമവും കൃത്യമായ വേഗവും പാലിക്കുന്നുണ്ടെന്നും തിരുവനന്തപുരത്തും കാസർകോടും നിന്ന് പുറപ്പെടുന്നതും എത്തുന്നതും കൃത്യസമയത്ത് തന്നെയാണെന്നും ദക്ഷിണ റെയിൽവേ പറയുന്നു.
ആദ്യം നടത്തിയ ട്രയൽ റണ്ണിൽ എടുത്ത സമയം സർവീസ് റണ്ണുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും വേണാട്, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തിലുണ്ടായ മാറ്റത്തിന് വന്ദേ ഭാരതുമായി ബന്ധമില്ലെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.
അതേസമയം, കേരളത്തിൽ സർവീസ് ആരംഭിച്ച് ഒരാഴ്‌ച പൂര്‍ത്തിയാകുമ്പോള്‍ പല ദിവസങ്ങളിലും ട്രയല്‍ റണ്ണിൽ പാലിച്ച സമയക്രമം പാലിക്കാന്‍ വന്ദേഭാരതിന് കഴിയുന്നില്ലെന്ന വിമര്‍ശനം പല കോണുകളിൽ നിന്ന് ഉയര്‍ന്നിരുന്നു.
മറ്റുള്ള ട്രെയിനുകളുടെ സമയം ക്രമീകരിച്ചാണ് വന്ദേ ഭാരതിന്റെ യാത്ര നടക്കുന്നത്. ഇതിൽ ആദ്യം തിരിച്ചടി നേരിട്ടത് വേണാട് എക്‌സ്പ്രസിലെ യാത്രക്കാര്‍ക്കാണ്. വെളുപ്പിന് അഞ്ച് പതിനഞ്ചിന് തിരുവനന്തപുരത്ത് നിന്ന് എടുത്തിരുന്ന വേണാട് വന്ദേഭാരതിന് അഞ്ചുമിനിറ്റ് പിന്നിലാണിപ്പോള്‍ യാത്ര തുടങ്ങുന്നത്.