വണ്ടിപ്പെരിയാർ കേസ് ; സർക്കാരിനോ പാർട്ടിക്കോ ഒന്നും ഒളിച്ചു വെക്കാനില്ല : എം വി ഗോവിന്ദൻ മാസ്റ്റർ
ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടതിൽ പൊലീസിനെതിരെ വിമർശനമുണ്ടെങ്കിൽ പരിശോധിക്കണമെന്ന് സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . എല്ലാം കുറ്റമറ്റതെന്ന അഭിപ്രായം സിപിഐഎമ്മിനില്ല. സർക്കാരിനോ പാർട്ടിക്കോ ഒന്നും ഒളിച്ചു വയ്ക്കാനില്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു .
ഇതോടൊപ്പം ശബരിമല വിഷയത്തിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. ശബരിമലയിലേക്ക് ഇതുവരെയില്ലാത്ത രീതിയിൽ ആളുകൾ വരുന്നുണ്ട്. എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ വേഗത്തിൽ പരിഹരിക്കുന്നുണ്ട്. വിമർശനമുണ്ടെങ്കിൽ പരിശോധിക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. വിഷയം രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് വരുമ്പോൾ വിശ്വാസത്തെ കൂട്ടുപിടിക്കുകയാണ് ബിജെപിയും കോൺഗ്രസുമെന്നും അദ്ദേഹം ആരോപിച്ചു.
കട്ടപ്പന അതിവേഗ കോടതിയാണ് കേസിലെ പ്രതിയെ അർജുനനെ വെറുതെ വിട്ടത്. പ്രതിയെ വെറുതെ വിട്ടു എന്ന് മാത്രമാണ് കോടതി പരാമർശം. 2021 ജൂൺ 30നാണ് സംഭവം നടന്നത്. പ്രതി അർജുൻ അയൽവാസിയായ ആറ് വയസുകാരിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിലായിരുന്നു പെൺകുട്ടി. പോസ്റ്റ്മോർട്ടത്തിലാണ് കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയത്. തെളിവുകളുടെ അഭാവത്തിൽ പ്രതിയെ വെറുതെ വിടുകയായിരുന്നു