‘ഇവനൊക്കെ മക്കളില്ലേ’; കെ എസ് യു പ്രതിഷേധത്തിനിടയിലുണ്ടായ പൊലീസ് നടപടിക്കെതിരെ വി ഡി സതീശൻ
കെ എസ് യു ഇന്ന് നടത്തിയ പ്രതിഷേധത്തിനിടയിൽ ഉണ്ടായ പൊലീസ് നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പെൺകുട്ടിയെ തല്ലിയ പൊലീസുകാരനെതിരെ നടപടിവേണമെന്നും നടപടിയെടുത്തില്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖത്തടിയേറ്റ പെൺകുട്ടിക്ക് സർജറി വേണ്ടിവരുമെന്നും സതീശൻ പറഞ്ഞു. ഒരു പെൺകുട്ടിയുടെ മുഖത്തടിക്കുന്ന ഇവനൊന്നും മക്കളില്ലേ എന്നും സതീശൻ ചോദിച്ചു.
പ്രതിപക്ഷ നേതാവിൻറെ വാക്കുകൾ ഇങ്ങിനെ:
എന്തൊരു ക്രൂരതയാണ് ഈ സർക്കാരിന്റെ പൊലീസ് ഒരു പെൺകുട്ടിയോട് ചെയ്തത്? ദൃശ്യമാധ്യമങ്ങളിലൂടെ എല്ലാവരും അത് കണ്ടതാണ്. വനിതാ പൊലീസുമായി സംസാരിച്ചുകൊണ്ട് നിന്ന പെൺകുട്ടിയുടെ മുഖത്തേക്ക് രണ്ടാം നിരയിൽ നിന്ന പൊലീസുകാരൻ മനപൂർവമായാണ് ലാത്തി കൊണ്ട് അടിച്ചത്. ഇത്രയും ക്രൂരമായി ഒരു വിദ്യാർത്ഥി സമരത്തെയും കേരളത്തിലെ പൊലീസ് നേരിട്ടിട്ടില്ല.
പെൺകുട്ടിയുടെ മുഖത്ത് ഒരു പ്രകോപനവുമില്ലാതെ അടിച്ചതിന് പിന്നാലെ പൊലീസ് വേട്ട ആരംഭിച്ചു. ക്രൂരമായി മർദ്ദനമേറ്റ നസിയ മുണ്ടപ്പിള്ളിയും അഭിജിത്തും ആശുപത്രിയിലാണ്. എന്നിട്ടും പൊലീസ് പ്രവർത്തകരെ ഓടിച്ചിട്ട് പിടിച്ച് റിമാൻഡ് ചെയ്യുകയാണ്. ഓടിച്ചിട്ട് പിടിക്കാനും റിമാൻഡ് ചെയ്യാനും എന്ത് സംഭവമാണുണ്ടായത്? മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് ചെയ്യാൻ പാടില്ലേ? സി പി എം പ്രതിപക്ഷത്തിരുന്ന കാലത്ത് എത്രയോ തവണ ഉമ്മൻ ചാണ്ടിയുടെയും മന്ത്രിമാരുടെയും വീട്ടിലേക്ക് മാർച്ച് ചെയ്തിട്ടുണ്ട്.
ഏതെങ്കിലും മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് ചെയ്താൽ ആകാശം ഇടിഞ്ഞുവീഴുമോ? അറസ്റ്റ് ചെയ്ത് മാറ്റുന്നതിന് പകരം പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരോട് മോശമായി പെരുമാറുന്നത് ധിക്കാരമാണ്. ഈ അഹങ്കാരം വച്ചുപൊറുപ്പിക്കില്ല. അതേനാണയത്തിൽ തന്നെ ഞങ്ങൾ തിരിച്ചടിക്കും. പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് ഗൗരവതരമായി ആലോചിക്കും. അധികാരത്തിന്റെ അഹങ്കാരം കാട്ടുകയാണ്. ഒരു പെൺകുട്ടിയുടെ മുഖത്തടിക്കുന്ന ഇവനൊന്നും മക്കളില്ലേ?
നരനായാട്ട് പോലെ പിരിഞ്ഞു പോയവർക്ക് പിന്നാലെ പൊലീസ് ഓടുകയാണ്. ആദ്യമായാണോ മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുന്നത്? എന്ത് ഗുരുതരമായ കുറ്റകൃത്യമാണ് ആ കുട്ടികൾ ചെയ്തത്? എന്തിനാണ് ഇങ്ങനെ ക്രൂരമായി പെരുമാറുന്നത്. എറണാകുളത്ത് പൊലീസുകാരനെ എടുത്തിട്ട് ഇടിച്ച എസ് എഫ് ഐക്കാരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതിനുള്ള നട്ടെല്ല് പിണറായിയുടെ പൊലീസിനില്ല.
പൊലീസുകാരെ പരസ്യമായി ജീപ്പ് തടഞ്ഞ് നിർത്തി അടിച്ചവർ ഇപ്പോഴും എറണാകുളത്ത് കൂടി നടക്കുകയാണ്. നിരപരാധികളായ പെൺകുട്ടികളെ ആക്രമിക്കാനുള്ള കരുത്ത് മാത്രമെ ഈ പൊലീസിനുള്ളൂ.വിദ്യാർത്ഥി സമരത്തെ ഇങ്ങനെയാണ് നേരിടുന്നതെങ്കിൽ ഇതിലും വലിയ സമരങ്ങളെ നേരിടേണ്ടി വരും. എന്ത് പ്രകോപനമാണ് വിദ്യാർത്ഥികൾ ഉണ്ടാക്കിയത്?
ഒരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് ആക്രമിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. അവരൊക്കെ 25 വർഷം മുൻപ് ചെയ്യേണ്ട കാര്യമാണ് ഇപ്പോൾ ചെയ്യുന്നത്. കുട്ടികളെയൊക്കെ അടിച്ചമർത്തി സമാധാനത്തോടെ ഭരിക്കാമെന്ന് പിണറായി വിജയൻ കരുതേണ്ട.