കേരളത്തിൽ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടത് വിഡി സതീശൻ: ശശി തരൂർ

single-img
4 December 2022

തന്നോട് കേരളത്തിൽ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. എന്തുകൊണ്ടാണ് ഇപ്പോൾ പരിപാടിക്ക് വിവാദങ്ങൾ ഉണ്ടാകുന്നതെന്നും ഇത് എങ്ങനെയാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ പങ്കെടുക്കുന്ന എല്ലാ പരിപാടികളും അതത് ജില്ലകളിലെ ഡിസിസി അധ്യക്ഷൻമാരെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഡിസിസി അധ്യക്ഷൻമാരെ ഈ വിവരം അറിയിച്ച തീയതി അടക്കം തൻ്റെ കൈയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പരാതികൾ ഉയരുന്നുണ്ടെങ്കിൽ അതിനു മറുപടി നൽകും.

എംപിയായ ശേഷം കഴിഞ്ഞ 14 വര്‍ഷമായി താൻ ചെയ്യുന്ന കാര്യങ്ങൾക്ക് ഇതുവരെ പരാതി ഉണ്ടായിരുന്നില്ല. എയും , ഐയും ഒന്നുമല്ല ഇനി ഒന്നിച്ചാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകേണ്ടത്. താനൊരു വിഭാഗത്തിൻ്റെ ഭാഗമല്ല. കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയതയിൽ ‍ഞാനും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു വിഭാഗീയതയും ഇതേവരെ ഉണ്ടാക്കിയിട്ടില്ല. ഞങ്ങളുടെ ഉത്തരവാദിത്തം ഞങ്ങൾ കൃത്യമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.