വീണാ ജോർജിനെതിരെ പോസ്റ്റർ പതിച്ച സംഭവം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ കാർ കസ്റ്റഡിയിലെടുത്തു
മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ പതിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ കാർ കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഏബൽ ബാബു എന്നയാളുടെ കാറാണ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട പൊലീസ് ആണ് അടൂർ എത്തി കാർ കസ്റ്റഡിയിലെടുത്തത്.
സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം’ എന്നായിരുന്നു പോസ്റ്റർ. പത്തനംതിട്ടയിലെ വിവിധ ഓർത്തഡോക്സ് പള്ളികളുടെ മുന്നിലാണ് പോസ്റ്റർ പതിച്ചിരുന്നത്. ‘ഓർത്തഡോക്സ് യുവജനം’ എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരുന്നത്. പിണറായി വിജയൻ നീതി നടപ്പിലാക്കണമെന്നും പോസ്റ്ററിലുണ്ട്. ഈ മാസം 1ന് അർദ്ധരാത്രിയിലാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.
ഏബൽ ബാബുവിന്റെ കാറിലാണ് മന്ത്രിക്കെതിരായ പോസ്റ്റർ ഒട്ടിക്കാൻ പോയതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ മണിക്കൂറോളം വാക്കേറ്റം ഉണ്ടായിരുന്നു.
പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിന് തുടർന്ന് രൂക്ഷ വിമർശനവുമായി മന്ത്രി വീണ ജോർജ് രംഗത്തെത്തിയിരുന്നു. ഓർത്തഡോക്സ് യുവജനം എന്നൊരു പ്രസ്ഥാനം ഇല്ല എന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. രാത്രിയുടെ മറവിൽ പോസ്റ്റർ ഒട്ടിക്കുകയല്ല വേണ്ടത്. താൻ മത്സരിച്ച മുൻ തെരഞ്ഞെടുപ്പുകളിലും വ്യാജ പ്രചരണം ധാരാളം ഉണ്ടായി. ഓർത്തഡോക്സ് സഭ വീണാ ജോർജിനെതിരെ എന്ന് നേരത്തെയും ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു. തനിക്കെതിരായ വ്യാജ പ്രചരണത്തിൽ ഏഷ്യാനെറ്റിനും പങ്കുണ്ടെന്ന് വീണാ ജോർജ് ആരോപിച്ചിരുന്നു.