എൽദോസ് കുന്നപ്പിള്ളി ഒളിവിൽ തന്നെ; ജാമ്യാപേക്ഷയിൽ നാളെയും വിധി ഉണ്ടാകില്ല
തന്റെ ഭാഗം കൂടി കേൾക്കാതെ ജാമ്യ ഹർജിയിൽ വിധി പറയരുതെന്ന് അദ്ധ്യാപികയുടെ തടസ ഹർജി നൽകിയതോടെ എൽദോസ് കുന്നപ്പിള്ളിയുടെ മുൻ കൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നീളാൻ സാധ്യത. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി മുന്പാകെയാണ് അദ്ധ്യാപികയുടെ തടസ ഹർജി നൽകിയത്.
അതേസമയം തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് യുവതി ആരോപിച്ച ദിവസം പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി കോവളത്ത് ഗെസ്റ്റ് ഹൗസിൽ മുറിയെടുത്തതിന് തെളിവ് ലഭിച്ചു. കഴിഞ്ഞ മാസം 14ന് എൽദോസ് തന്റെ വീട്ടിലെത്തി ബലമായി കാറിൽ കയറ്റി കോവളത്തേക്കു കൊണ്ടുപോയെന്നാണ് പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ മൊഴി. അന്നേദിവസം എൽദോസ് കോവളം ഗെസ്റ്റ് ഹൗസിലെത്തിയതിന്റെ രേഖകൾ ജില്ലാ ക്രൈംബ്രാഞ്ച് ശേഖരിച്ചു. 9, 10 നമ്പർ മുറികളാണ് എൽദോസിന് അനുവദിച്ചത്.
യുവതിയുമായി ഗെസ്റ്റ് ഹൗസിൽ തെളിവെടുപ്പ് നടത്തിയ ക്രൈംബ്രാഞ്ച് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. കഴിഞ്ഞ മാസം 28നാണ് തന്നെ ഉപദ്രവിച്ചെന്നു കാട്ടി യുവതി കോവളം പൊലീസിൽ പരാതി നൽകിയത്.
ഈ മാസം എട്ടിനാണ് കോവളം സിഐ യുവതിയുടെ പരാതി പരിഗണിക്കാൻ തയാറായത്. കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന് പരാതിക്കാരി ആരോപണം ഉന്നയിച്ചതിനെ തുടർന്ന് സിഐയെ സ്ഥലം മാറ്റിയിരുന്നു. തുടർന്ന്, ജില്ലാ ക്രൈംബ്രാഞ്ചിനു കേസ് കൈമാറി. ക്രൈംബ്രാഞ്ചിനു നൽകിയ മൊഴിയിൽ പീഡനം നടന്നതായി യുവതി വെളിപ്പെടുത്തിയതോടെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത്.