കെ എം ബഷീറിന്റെ കൊലപാതകം; വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വിധി
തിരുവനന്തപുരത്തു മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ ഇന്ന് വിധി പറയും. കേസിലെ രണ്ടാം പ്രതിയാണ് വഫ ഫിറോസ്. വഫയുടെ വിടുതൽ ഹർജിക്കൊപ്പം ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ വിടുതൽ ഹർജിയും ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണൽ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
മദ്യപിച്ച് വാഹനം ഓടിക്കാനോ, നരഹത്യാ കുറ്റം ചെയ്യാൻ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചതായി തെളിവുകളോ സാക്ഷി മൊഴികളോ ഇല്ലെന്ന വാദമാണ് രണ്ടാം പ്രതിയായ വഫ ഫിറോസ് ഉയർത്തുന്നത്. കുറ്റപത്രത്തിൽ അന്വേഷണ സംഘം ഉൾപ്പെടുത്തിയ 100 സാക്ഷികളിൽ വഫയ്‌ക്കെതിരെ ആരുടേയും മൊഴിയില്ല. കൂടാതെ ആക്സിഡന്റ് മോട്ടോർ വാഹന നിയമത്തിന്റെ കീഴിൽ വരുന്നതാണ് എന്നും, താൻ സഹയാത്രിക മാത്രമാണ് എന്നും അതുകൊണ്ടു തന്നെ പ്രേരണാ കുറ്റം നിലനിൽക്കില്ല എന്നും വഫ കോടതിയിൽ വാദിച്ചു. എന്നാൽ കേസിലെ ഗൂഢാലോചനയിൽ ഉൾപ്പെട്ട വഫയുടെ ഹർജി തള്ളണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടുന്നത്.
ശ്രീറാം വെങ്കിട്ടരാമൻ സമർപ്പിച്ച വിടുതൽ ഹർജിയിൽ സർക്കാർ ഇന്ന് എതിർപ്പ് ഫയൽ ചെയ്യും. ശ്രീറാമിന്റെ ശരീരത്തിൽ നിന്ന് കെ എം ബഷീറിന്റെ രക്തസാമ്പിളുകൾ ലഭിച്ചിട്ടില്ല. ബഷീർ കൊല്ലപ്പെട്ട അപകടത്തിൽ ശ്രീറാം വെങ്കിട്ടരാമന് പങ്കില്ല. മദ്യപിച്ചതിന് തെളിവുകളില്ലെന്നും ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ശ്രീറാമിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.