മണിപ്പൂരിലെ കോടതികളില്‍ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഉറപ്പാക്കണം: സുപ്രീം കോടതി
മണിപ്പൂരില്‍ കലാപത്തിൽ ആധാര്‍ നഷ്ടമായവര്‍ക്ക് അതു നല്‍കാനുള്ള നടപടി ഉറപ്പാക്കണമെന്നും ആധാറിന്‍റെ വിവരം കൃത്യമായി പരിശോധിച്ച് പുതിയത് നല്‍കണമെന്നും സുപ്രീംകോടതി. മണിപ്പൂരിലെ കോടതികളില്‍ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഉറപ്പാക്കണമെന്നും പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ഒരു വിഭാഗത്തിലുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ കഴിയുന്നില്ലെന്നത് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. പ്രത്യേക വിഭാഗത്തിലുള്ള അഭിഭാഷകരെ തടയരുതെന്ന് ഹൈക്കോടതി ബാര്‍ അസോസിയേഷന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ അർധസൈനിക വിന്യാസം കൂട്ടി. 400 അധിക കമ്പനി സേനയെ മണിപ്പൂരിൽ എത്തിച്ചിട്ടുണ്ട്. അധികകമായി ബിഎസ്എഫ്, സിആര്‍പിഎഫ് സംഘത്തെയാണ് കഴിഞ്ഞ മൂന്നു ദിവസത്തിനിടെയായി മണിപ്പൂരിലെ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലകളിലായി വിന്യസിച്ചത്. ചുരാചന്ദ്പുരിലെ ബിഎസ്എഫിന്‍റെ ക്യാമ്പ് താല്‍ക്കാലിക ജയിലാക്കി മാറ്റാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനിടെയാണ് മേഖലയിലേക്ക് കൂടുതല്‍ സൈനികരെ എത്തിച്ചിരിക്കുന്നത്.
ഈ വർഷം മെയ് മുതല്‍ ഇരു സമുദായങ്ങള്‍ക്കിടയിലാരംഭിച്ച സംഘര്‍ഷത്തെതുടര്‍ന്ന് മണിപ്പൂരിലെ രണ്ടു സ്ഥിരം ജയിലുകളിലും കസ്റ്റഡയിലെടുക്കുന്നവരെ പാര്‍പ്പിക്കാന്‍ സ്ഥലമില്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജയിലുകളില്‍ ആളുകള്‍ നിറഞ്ഞതോടെയാണ് ബിഎസ്എഫിന്‍റെ ക്യാമ്പ് താല്‍ക്കാലിക ജയിലാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
1984ലെ ജയില്‍ നിയമ പ്രകാരമാണ് ചുരാചന്ദ്പുരിലെ ബിഎസ്എഫിന്‍റെ ട്രെയിനിങ് സെന്‍റര്‍ പരിസരം താല്‍ക്കാലിക ജയിലാക്കികൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപനം വരുന്നത്. ജയിലാക്കുന്നതിനുള്ള പ്രവൃത്തിയും ഇന്നലെ ആരംഭിച്ചിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ മോഷ്ടിച്ച ആയുധങ്ങള്‍ തിരിച്ചേല്‍പ്പിക്കണമെന്ന് സായുധ സംഘങ്ങളോട് മുഖ്യമന്ത്രി ബിരെന്‍ സിങ് ആവശ്യപ്പെട്ടിരുന്നു.
സമയപരിധിക്കുള്ളില്‍ ആയുധങ്ങള്‍ തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍ അവ പിടിച്ചെടുക്കാന്‍ കേന്ദ്ര സേനയും സംസ്ഥാന പോലീസും നേരിട്ടിറങ്ങുമെന്നുമാണ് മുന്നറിയിപ്പ്. മെയ്, ജൂണ്‍ മാസങ്ങളിലായി തോക്കുകള്‍ ഉള്‍പ്പെടെ 5,668 ആയുധങ്ങളാണ് സര്‍ക്കാര്‍ ആയുധപ്പുരയില്‍നിന്ന് മോഷ്ടിക്കപ്പെട്ടത്. ഇതില്‍ 1,329 ആയുധങ്ങള്‍ മാത്രമാണ് പോലീസിന് തിരിച്ചെടുക്കാനായത്.