വിദ്യയുടേത് സിപിഎമ്മിന്റെ നേതാക്കളുടെ അനുവാദത്തോടെയുള്ള അറസ്റ്റ്: രമേശ് ചെന്നിത്തല
എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ കെ വിദ്യയെ പിടികൂടിയത് പൊലീസിന്റെ നാടകമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന്റെ നേതാക്കളുടെ അനുവാദത്തോടെയുള്ള അറസ്റ്റാണ് വിദ്യയുടേതെന്നും കേസിൽ തെളിവ് നശിപ്പിക്കാനുള്ള എല്ലാ അവസരവും വിദ്യക്ക് പൊലീസ് നൽകിയെന്നും അദ്ദേഹം ആരോപിച്ചു.
അതേപോലെതന്നെ, വിദ്യയെ അവസാന രണ്ടാഴ്ചക്കാലം പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ലെന്ന് പറയുന്നത് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ജനവികാരം എതിരാകുന്നുവെന്ന് കണ്ടപ്പോൾ പ്രതിയെ പിടികൂടിയതാണ്. കേരളാ പൊലീസിന് വേണമെന്ന് വെച്ചാൽ പത്ത് മിനിറ്റിൽ ഇത്തരം കേസിൽ പ്രതിയെ പിടികൂടാൻ കഴിയും. അത് തനിക്ക് നേരിട്ടറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യക്കെതിരെയുള്ള കേസിൽ മൊബൈൽ ടവർ ലൊക്കേഷൻ പോലും നോക്കാതെ പാർട്ടി നേതാക്കൾ പറഞ്ഞത് കൊണ്ട് പൊലീസ് പ്രതിയെ പിടികൂടാതെ നിന്നതാണ്. ഇപ്പോൾ ജനവികാരം എതിരാകുന്നുവെന്ന് മനസിലായപ്പോൾ പാർട്ടിയുടെ അനുവാദത്തോടെയാണ് അറസ്റ്റെന്നാണ് തന്റെ വിശ്വാസം.
പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതും ഒരുക്കിയിട്ടാണ് അറസ്റ്റ് ചെയ്തതെന്ന് താൻ കരുതുന്നുവെന്ന് പറഞ്ഞ അദ്ദേഹം, ഇക്കാര്യത്തിൽ പൊലീസിന് ഒരു ന്യായീകരണവും പറയാനില്ലെന്നും പറഞ്ഞു. പ്രതിയെ രക്ഷിക്കാനുള്ള ആസൂത്രിത നാടകമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.