കൊവിഡ് കിറ്റിൽ ഉൾപ്പെടെ അഴിമതി ആരോപണം; വിയറ്റ്നാം പ്രസിഡന്റ് രാജിവച്ചു
തനിക്കെതിരെ ഉണ്ടായ അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ വിയറ്റ്നാം പ്രസിഡന്റ് നുയെൻ ഷ്വാൻ ഫുക്ക് രാജിവച്ചു. കൊവിഡ് കിറ്റുകൾ വിതരണം ചെയ്തതിലെ അഴിമതിയടക്കം സർക്കാരിനെതിരായ ആരോപണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് നുയെൻ ഷ്വാൻ ഫുക്കിന്റെ രാജിയെന്ന് വാർത്താ ഏജൻസി വ്യക്തമാക്കുന്നു.
നേരത്തെ ആരോപണവിധേയരായ രണ്ട് ഉപപ്രധാനമന്ത്രിമാരെ കമ്മ്യൂണിസ്റ്റ് പാർട്ടി പുറത്താക്കിയിരുന്നു. ഇവരും മന്ത്രിമാരും ഉൾപ്പെട്ട സംഘം നടത്തിയ അഴിമതിയുടെ ഉത്തരവാദിത്തം പ്രസിഡന്റിന്നുണ്ടെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രഖ്യാപിച്ചതോടെയാണ് നുയെൻ ഷ്വാൻ ഫുക്കിന്റെ രാജി. ഇന്ന് ദേശീയ അസംബ്ലി ചേർന്ന് പ്രസിഡന്റിനെ രാജിക്ക് അംഗീകാരം നൽകും.
ചരിത്രത്തിൽ ആദ്യമായാണ് വിയറ്റ്നാമില്‍ കമ്മ്യൂണിസ്റ്റ് പാർട്ടി അധ്യക്ഷൻ അഴിമതി ആരോപണത്തെ തുടര്‍ന്ന് സ്ഥാനമൊഴിയുന്നത്. കൊവിഡ് വൈറസ് വ്യാപന കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വന്‍ അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിരവധി ഉദ്യോഗസ്ഥരെയും പുറത്താക്കിയിരുന്നു. കൊവിഡ് – 19 ടെസ്റ്റിംഗ് കിറ്റുകളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയര്‍ന്നത്.