തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം പ്രഖ്യാപിച്ച് വിജയ്

single-img
20 September 2024

തന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ പൊതുസമ്മേളനം പ്രഖ്യാപിച്ച് വിജയ്. അടുത്തമാസം 27ന് വിഴുപ്പുറത്താണ് സമ്മേളനം നടക്കുക. ഈ സമ്മേളനത്തില്‍ പാര്‍ട്ടിനയം പ്രഖ്യാപിക്കുമെന്ന് വിജയ് അറിയിച്ചു.

അതേസമയം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കേരളാ മുഖ്യമന്ത്രി പിണറായി വിജയനെയും സമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്. ഇരുവരെയും പങ്കെടുപ്പിക്കാന്‍ വിജയ് നീക്കം നടത്തുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, രാഹുല്‍ ഗാന്ധി, ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരേയും സമ്മേളനത്തിലേക്ക് വിജയ് ക്ഷണിച്ചേക്കുമെന്നും സൂചനയുണ്ട്.

ഇന്ത്യൻ രാഷ്ട്രീയത്തില്‍ വിജയ്ക്ക് ഏറ്റവും താത്പര്യമുള്ള നേതാവ് കോൺഗ്രസിലെ രാഹുലാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ടിവികെയുടെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ ഒരുങ്ങുന്നതെന്നുമാണ് ടിവികെ നേതാക്കള്‍ പറയുന്നത്. രാഹുല്‍ ഗാന്ധി നൽകിയ ഉപദേശപ്രകാരമാണ് വിജയ് തമിഴ്‌നാട്ടിൽ സ്വന്തമായി രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരിക്കുന്നതെന്ന അഭ്യൂഹവും ഇതിനകംതന്നെ ഉയര്‍ന്നിട്ടുണ്ട്.