വിജയശാന്തി ബിജെപി വിട്ടു; ഇനി കോൺഗ്രസ്സിലേക്ക് മടക്കം
പ്രശസ്ത തെന്നിന്ത്യൻ നടിയും മുൻ എംപിയുമായ വിജയശാന്തി ബിജെപി വിട്ടു. ഇവർ ഇനി കോൺഗ്രസ്സിലേക്ക് മടങ്ങും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന, ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലിയിൽ വെച്ചായിരിക്കും വീണ്ടും കോൺഗ്രസ് അംഗത്വം സ്വീകരിക്കുക.
നിലവിലെ കേന്ദ്രമന്ത്രിയും തെലങ്കാന ബിജെപി സംസ്ഥാനാധ്യക്ഷൻ ജി കിഷൻ റെഡ്ഡിയ്ക്കാണ് വിജയശാന്തി രാജിക്കത്ത് നൽകിയത്. മുതിർന്ന നേതാക്കൾ വ്യാഴാഴ്ച വിജയശാന്തിയുടെ വസതിയിലെത്തി കോൺഗ്രസിൽ ചേരാനുള്ള ക്ഷണം ഔദ്യോഗികമായി നൽകുമെന്ന് ടിപിസിസി ഭാരവാഹി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഇത്തവണ സീറ്റ് നൽകാത്തതിൽ അമർഷം മൂലമാണ് വിജയശാന്തി ബിജെപി വിട്ടത്. ടിആർഎസ്സിൽ നിന്ന് 2009-ലാണ് വിജയശാന്തി ആദ്യമായി എംപിയാവുന്നത്. 2014-ൽ അവർ കോൺഗ്രസിലെത്തുകയും ചെയ്തു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ തോൽവിയെത്തുടർന്നാണ് അവർ ബിജെപിയിലെത്തിയത്.