പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർഥിക്ക് ഗ്രാമീണർ സമ്മാനമായി നൽകിയത് രണ്ട് കോടിയും എസ് യു വി കാറും
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥിക്ക് രണ്ട് കോടി രൂപയും എസ് യു വി കാറും സമ്മാനിച്ച് ഹരിയാനയിലെ ചിഡി ഗ്രാമവാസികൾ. സമൂഹത്തിലെ സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനും തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനുമാണ് തോറ്റ സ്ഥാനാർഥിക്ക് വൻതുകയും കാറും സമ്മാനമായി നൽകിയത്.
കല എന്നപേരിൽ അറിയപ്പെടുന്ന ധർമപാൽ ദലാലിനാണ് ഗ്രാമവാസികൾ വിലയേറിയ സമ്മാനം നൽകിയത്. ഈ മാസം 12 ന് നടന്ന സർപഞ്ച് തെരഞ്ഞെടുപ്പിൽ ധർമപാൽ പരാജയപ്പെട്ടിരുന്നു. കടുത്ത മത്സരം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചിഡി ഗ്രാമത്തിലെ ധർമപാൽ ദലാൽ എതിരാളിയായ നവീൻ ദലാലിനോട് 66 വോട്ടിന്റെ വ്യത്യാസത്തിൽ പരാജയപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് നടന്ന പിന്നാലെ ചിഡി ഗ്രാമത്തെ ജില്ലാ ഭരണകൂടം പ്രശ്നബാധിത മേഖലയായി പ്രഖ്യാപിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും സഹഗ്രാമവാസികൾ നൽകിയ സമ്മാനം കണ്ട് താൻ അമ്പരന്നെന്ന് ധർമ്മപാൽ മാധ്യമങ്ങളോട് പറഞ്ഞു. 2000-ൽ ബ്ലോക്ക് സമിതിയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ഞാൻ എന്റെ പ്രദേശത്തെ ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായിരുന്നെന്നും എല്ലാ വർഷവും, ഗ്രാമത്തിലെ ഗവൺമെന്റ് സ്‌കൂളിലെ മിടുക്കരായ വിദ്യാർഥികളെ ആദരിച്ചിരുന്നെന്നും മതപരവും സാമൂഹികവുമായ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നെന്നും ധർമ്മപാൽ പറഞ്ഞു.
സർപഞ്ച് തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് ശരീരവും ആത്മാവും നഷ്ടപ്പെട്ടിരുന്നു. എന്നാൽ ജനം തനിക്കൊപ്പം നിൽക്കുന്നുവെന്ന് തെളിയിക്കാൻ 2 .11 കോടി രൂപയും ഒരു എസ്‌യുവിയും നൽകി ആദരിച്ചത് മറക്കാനാകില്ല. ഗ്രാമത്തിന് വേണ്ടിയുള്ള സേവനം ഇനിയും തുടരും. പഴയതുപോലെ ഗ്രാമ ക്ഷേമ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുമെന്നും ധർമ്മപാൽ പറഞ്ഞു.
ധർമ്മപാൽ ദലാൽ മികച്ച നേതാവാണെന്നും ഗ്രാമത്തിൽ സ്ഥാനമുള്ളതിനാൽ തെരഞ്ഞെടുപ്പിന് ശേഷം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് സമ്മാനമായി പണവും കാറും നൽകിയതെന്നും ഖാപ് നേതാവ് ഭലേ റാം പറഞ്ഞു.