ജനങ്ങളുടെ പ്രതിഷേധം ഉയർന്നില്ലെങ്കിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഗൗരവമായി കണക്കാക്കില്ലേ; മഹാരാഷ്ട്ര സർക്കാരിനോട് ഹൈക്കോടതി
ജനകീയ പ്രതിഷേധങ്ങൾ ഉയർന്നില്ലെങ്കിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഗൗരവമായി കണക്കാക്കില്ലേയെന്ന് മഹാരാഷ്ട്ര സർക്കാരിനോട് ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും നാലര മാസം പ്രായമുള്ള ഭ്രൂണത്തെ അലസിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൻ്റെ അന്വേഷണത്തിലെ പോരായ്മകളെ കുറിച്ച് നടന്ന ചർച്ചക്കിടെയായിരുന്നു കോടതിയുടെ വിമർശനം.
കേസിൽ മുംബൈയിലെ സ്വകാര്യ ആശുപത്രി കുട്ടിയുടെ ഗർഭം അലസിപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകൾ നശിപ്പിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ജസ്റ്റിസുമാരായ അജയ് ഗഡ്കരി, ഡോ. നീലാ ഗോഖലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഗർഭച്ഛിദ്രം നടത്താൻ തിരക്കിട്ടത് ആരാണെന്നും വിഷയം പൊലീസ് അറിയാതെ പോയത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. ബദൽപൂരിൽ നഴ്സറി വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ച് പരാമർശിച്ച കോടതി ജനങ്ങൾ ശബ്ദമുയർത്തുമ്പോൾ മാത്രമാണോ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമത്തിൽ പൊലീസിന് അന്വേഷിക്കാൻ സാധിക്കുന്നതെന്നും കോടതി ചോദിച്ചു.
‘ജനങ്ങൾ പ്രതികരിച്ചില്ലെങ്കിൽ നിങ്ങൾക്ക് പ്രവർത്തിക്കാനാകില്ലേ? ജനങ്ങൾ പ്രതിഷേധിച്ചില്ലെങ്കിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ ഗൗരവത്തോടെ പുരമാറില്ലെന്ന സൂചന നൽകുകയാണോ മഹാരാഷ്ട്ര സർക്കാർ? എല്ലാ ദിവസം പോക്സോ കേസുകളോ ബലാത്സംഗകേസുകളോ ആണ് കേൾക്കുന്നത്’, കോടതി കൂട്ടിച്ചേർത്തു. പ്രതിദിനം പോക്‌സോ അല്ലെങ്കിൽ ബലാത്സംഗക്കേസുകളുടെ നാലോ അഞ്ചോ കേസുകളെങ്കിലും വരുന്നത് എങ്ങനെയാണെന്നും ബെഞ്ച് ചോദിച്ചു.
സംസ്ഥാന സർക്കാരിന് ഇതുപോലെയുള്ള വിഷയങ്ങൾ അന്വേഷിക്കാൻ സാധിക്കില്ലെങ്കിൽ അത് തുറന്നുപറയണമെന്നും കോടതി വ്യക്തമാക്കി. ഒന്നുകിൽ സംസ്ഥാന സർക്കാർ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ അന്വേഷണം നടത്തില്ലെന്ന് പൊതുസമൂഹത്തോട് വ്യക്തമാക്കുക. അതല്ലെങ്കിൽ നല്ല രീതിയിൽ അന്വേഷണം കൊണ്ടുപോകാൻ ശ്രമിക്കുക, കോടതി പറഞ്ഞു.